ബാബു ആന്റണിക്ക് ശേഷം സിനിമയില്‍ അധികമാരും അതുപയോഗിച്ചിട്ടില്ല: നീരജ് മാധവ്
Entertainment news
ബാബു ആന്റണിക്ക് ശേഷം സിനിമയില്‍ അധികമാരും അതുപയോഗിച്ചിട്ടില്ല: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th August 2023, 4:41 pm

ആര്‍.ഡി.എക്‌സ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലെ സ്റ്റണ്ട് വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ നീരജ് മാധവ്. ചിത്രത്തില്‍ താന്‍ നഞ്ചക്ക് എന്ന ആയുധമാണ് ഉപയോഗിച്ചതെന്നും നടന്‍ ബാബു ആന്റണിക്ക് ശേഷം സിനിമയില്‍ അധികമാരും അതുപയോഗിച്ചിട്ടില്ലെന്നും നീരജ് പറഞ്ഞു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പിങ്ക്‌ലുങ്കിയുടെ ഇത് കൊള്ളാലോ എന്ന പരിപാടിക്കിടെയാണ് നീരജ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. നീരജിനൊപ്പം ആര്‍.ഡി.എക്‌സിലെ തന്റെ സഹതാരങ്ങളായ ആന്റണി വര്‍ഗീസ് പെപ്പെയും ഷെയ്ന്‍ നിഗവും പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

‘നഞ്ചക്ക് എന്ന് പറയുന്നത് ഒത്തിരി ട്രിക്കി ആയിട്ടുള്ളൊരു ആയുധമാണ്. കാരണം, അതുപയോഗിക്കാന്‍ അറിയില്ലെങ്കില്‍ നമ്മുടെ തലക്ക് തന്നെ അടി കൊള്ളും. അതുകൊണ്ട് അതുപയോഗിക്കാന്‍ പഠിക്കുക എന്നുള്ളതായിരുന്നു ആദ്യത്തെ ടാസ്‌ക്.

ഒറിജിനല്‍ വെപ്പണ്‍സ് വെച്ച് ട്രൈ ചെയ്ത് നോക്കിയപ്പോള്‍ ആദ്യം കുറച്ച് പരിക്കുകളൊക്കെ പറ്റി. അതിന് ശേഷം പാഡഡ് ആയിട്ടുള്ള പ്രോപ്പര്‍ട്ടി വെച്ച് ചെയ്തുതുടങ്ങി. വെയിറ്റ് ഡിസ്ട്രിബ്യൂഷന്‍ കിട്ടണമെങ്കില്‍ അതിന് വെയിറ്റ് വേണം. പണ്ട് നമ്മുടെ ബാബു ആന്റണി ചേട്ടന്‍ വെച്ചതിന് ശേഷം അധികമാരും ഉപയോഗിച്ചിട്ടില്ല. കാരണം, അതുപയോഗിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അപ്പോള്‍ അതിനോട് നീതി പുലര്‍ത്തേണ്ടത് ഒരാവശ്യമായിരുന്നു. ആളുകള്‍ കാണുമ്പോള്‍ വെറുതെ എടുത്ത് ഉപയോഗിച്ചത് പോലെ തോന്നരുത്. പിന്നെ പെപ്പെയുടെ കൂടെയൊക്കെ ഇടിച്ച് പിടിച്ച് നില്‍ക്കണമല്ലോ.(ചിരി)

അതുകൊണ്ട് നമ്മള്‍ കണ്‍വിന്‍സിങ് ആകേണ്ടത് ഒരാവശ്യം ആയിരുന്നു. പെപ്പെയും ഷെയ്‌നും ആക്ഷന്‍ മൂവീസ് മുമ്പ് ചെയ്തിട്ടുണ്ട്. ഞാന്‍ മലയാളത്തില്‍ ചെയ്തിട്ടില്ല, മറ്റ് ഭാഷയില്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു സ്റ്റൈലൈസ്ഡ് ആക്ഷന്‍ ആദ്യമായിട്ടാണ്. എന്റെ കിക്കും അതെ.

അന്‍പറിവിനെ പോലെയുള്ള സ്റ്റണ്ട് മാസ്‌റ്റേഴ്‌സ് വരുന്നു. അവര്‍ വരുന്നത് സലാറിന്റെയും ലിയോന്റെയും ലൊക്കേഷനില്‍ നിന്നാണ്. സോ അപ്പുറത്ത് പ്രഭാസ്, ഇപ്പുറത്ത് വിജയ്, ലോകേഷ് കനകരാജ് തുടങ്ങിയവരുള്ള സെറ്റില്‍ നിന്നാണ് ഞങ്ങളുടെ സെറ്റിലേക്ക് വരുന്നത്. സാധാരണ ആര്‍ടിസ്റ്റിനെ വെച്ചിട്ടായിരുന്നു ഡേറ്റ് ചാര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഇവിടെ സ്റ്റണ്ട് മാസ്‌റ്റേഴ്‌സിനെ വെച്ചായിരുന്നു ഫൈറ്റിന്റെ ഡേറ്റ് ചാര്‍ട്ട് ചെയ്തത്,’ നീരജ് പറഞ്ഞു.

ഓഗസ്റ്റ് 25നാണ് ആര്‍.ഡി.എക്സ് റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്സ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlights: Neeraj Madhav explains how he uses Nanchakku in the movie RDX