| Monday, 4th September 2023, 12:53 pm

ചെലോര്ത് ശരിയാവും ചെലോര്ത് ശരിയാവൂല്ല, ഇപ്പോള്‍ ഞങ്ങളുടേത് ശരിയായി: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ നീരജ് മാധവ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി ടൂറിസം വകുപ്പ് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നീരജ് ആര്‍.ഡി.എക്‌സിന്റെ വിജയത്തെ കുറിച്ചും ആളുകള്‍ നല്‍കിയ പിന്തുണയെ കുറിച്ചുമൊക്കെ സംസാരിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആളുകളെ കണ്ട് സത്യത്തില്‍ കിളിപോയെന്നും
തിരക്ക് കാരണം പെപ്പെയുടെ ചെരുപ്പൊക്കെ തെറിച്ചുപോയെന്നും താരം പറഞ്ഞു.

‘എന്താ പറയേണ്ടതെന്ന് മനസിലാവുന്നില്ല. ഒരാഴ്ച മുന്‍പ് വരെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സിനിമയുടെ വിധി എന്താവുമെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ വലിയൊരു മോഹമായിരുന്നു ഓണത്തിന് ഒരു സിനിമ ഇറക്കുക എന്നത്. അത് ഇറങ്ങി ഇന്ന് നിങ്ങള്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ആളുകളെപ്പോലെ ഞങ്ങളെ ഏറ്റെടുത്തപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. ഇത് സാധാരണക്കാരുടെ വിജയമാണ്.

നിങ്ങളില്‍ ഒരാളായി ഞങ്ങളെ സ്വീകരിച്ചതിന്, ആര്‍.ഡി.എക്‌സിനെ വെല്‍ക്കം ചെയ്തതിനുള്ള സന്തോഷം അറിയിക്കുകയാണ്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ടിക്കറ്റ് കിട്ടാനില്ലെന്ന് കേള്‍ക്കുന്നു. സ്‌പെഷ്യല്‍ ഷോകള്‍ നടത്തുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി സിനിമ സ്വീകരിക്കപ്പെടുന്നു. ഇതൊരു സ്വപ്‌ന സാക്ഷാത്ക്കാരമാണ്.

തിയേറ്റര്‍ പ്രൊമോഷന്റെ കലാശക്കൊട്ടായിട്ട് ഈ വേദിയില്‍ ഇത്രയും ആള്‍ക്കാരെ കണ്ടപ്പോള്‍ സത്യം പറയാമല്ലോ ഞങ്ങളുടെ കിളി പോയി. ഞങ്ങള്‍ കയറി വരുന്ന വഴിക്ക് പെപ്പെയുടെ ചെരുപ്പൊക്കെ തെറിച്ചുപോയി. അത്രയ്ക്ക് തിരക്കായിരുന്നു. ഒരായിരം നന്ദിയുണ്ട്.

ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ ചടങ്ങില്‍ അതിഥിയായി വരിക എന്ന ഓണര്‍ ലഭിച്ചു. എല്ലായ്‌പ്പോഴും നമുക്ക് ഇങ്ങനെയെുള്ള അവസരം ഉണ്ടാവില്ല. ശരിയാവുമ്പോള്‍ എല്ലാംകൂടി ശരിയാവുമെന്ന് പറയില്ലേ, ചെലോര്ത് ശരിയാവും ചെലോര്ത് ശരിയാവൂല്ല, എന്ന് പറയുന്ന പോലെ ഇപ്പോള്‍ ഞങ്ങള്‍ക്ക് ശരിയായി (ചിരി).

സിനിമാ ടൂറിസം എന്ന കണ്‍സെപ്റ്റിനെ കുറിച്ച് ജനപ്രതിനിധിമാര്‍ ഞങ്ങളോട് സംസാരിച്ചു. നമ്മുടെ നാട്ടില്‍ ഷൂട്ട് ചെയ്ത് ലൊക്കേഷന്‍സൊക്കെ വെച്ചിട്ട് ഒരു പദ്ധതി തുടരുന്നതിനെ കുറിച്ച്. കേരളത്തിന്റെ വിലയെന്താണെന്ന് നമുക്ക് പുറത്തുപോകുമ്പോഴാണ് മനസിലാവുക.
അറിയാം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് കേരളം.

ഇവിടുത്തെ ഇന്‍ഡസ്ട്രിയാവട്ടെ ആര്‍ടിസ്റ്റുകള്‍ ആവട്ടെ ആളുകള്‍ ഒരുപാട് ബഹുമാനത്തോടെ നോക്കുന്ന സംസ്ഥാനമാണ് കേരളം. ഈ കേരളത്തെ പ്രതിനിധീകരിച്ച് പുറത്തുപോകാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മള്‍ക്ക് ഇടയ്ക്ക് ചുവട് പതറും. പക്ഷേ ചുവട് പതറുമ്പോള്‍ നമ്മള്‍ ഓട്ടം നിര്‍ത്തരുത്.

നിലയ്ക്കാതെ ഓടിക്കൊണ്ടിരുന്നാല്‍ നമ്മള്‍ ഒരിക്കല്‍ ആ വിജയത്തിന്റെ സ്വാദറിയും. വീണ് കഴിഞ്ഞാലും വീണ്ടും പൊടിതട്ടി എഴുന്നേറ്റ് മുന്നോട്ടുകുതിക്കുക. അതിന്റെ ഉദാഹരണങ്ങളാണ് ഞങ്ങള്‍. എല്ലാവരോടും സ്‌നേഹം മാത്രം,’ നീരജ് മാധവ് പറഞ്ഞു.

Content Highlight: Neeraj Madhav about RDX movie Success

We use cookies to give you the best possible experience. Learn more