|

നീരജ് മാധവൊക്കെ ചെയ്താല്‍ കോമഡിയാകുമെന്ന് പറഞ്ഞവര്‍ക്കുള്ള എന്റെ മറുപടിയാണ് ഈ സിനിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് എന്ന ചിത്രവുമായി വീണ്ടും മലയാള സിനിമയില്‍ ഒരു വെടിക്കെട്ടിന് തിരികൊളുത്താന്‍ എത്തുകയാണ് നീരജ് മാധവും സംഘവും.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

തന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കി കഴിഞ്ഞാല്‍ താന്‍ ചെയ്താല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും സംശയം തോന്നുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് ആര്‍.ഡി.എക്‌സിലേതെന്നും നീരജ് മാധവൊക്കെ ചെയ്താല്‍ അത് കോമഡിയാകുമെന്ന് പറഞ്ഞവര്‍ക്ക് കൂടിയുള്ള തന്റെ മറുപടിയാണ് ഈ ചിത്രമെന്നും പറയുകയാണ് നീരജ്. അയാം വിത്ത് ധന്യാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ റോള്‍ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കി കഴിഞ്ഞാല്‍ ഞാന്‍ ചെയ്താല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണ് ഇത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ഉള്ളത്.

ഒരു ഫൈറ്റ് മൂവി ചെയ്യാനമുള്ള എക്‌സൈറ്റ്‌മെന്റ് നേരത്തേ ഉണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ആര്‍.ഡി.എക്‌സ്.

ഒരു എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകണമെന്നുണ്ടായിരുന്നു. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആയിട്ടാണ് ചിത്രത്തില്‍ ഞാന്‍ എത്തുന്നത്. ആ കഥാപാത്രത്തിന്റെ ജീവിതം തന്നെ മുഴുവന്‍ ഫൈറ്റാണ്,’ നീരജ് പറഞ്ഞു.

കേരളത്തിലും വലിയ ചര്‍ച്ചയായ ഫാമിലി മാന്‍ എന്ന വെബ്‌സീരിസില്‍ അഭിനയിച്ചതിനെ കുറിച്ചും നീരജ് അഭിമുഖത്തില്‍ സംസാരിച്ചു.

‘എന്റെ പൊട്ടന്‍ഷ്യലിന് അനുസരിച്ചുള്ള പരിപാടികള്‍ കിട്ടുന്നില്ലെന്ന തോന്നല്‍ എനിക്ക് തന്നെ ഉണ്ടായിരുന്നു. രണ്ട് സീനിലൊക്കെയാണ് ഞാന്‍ തുടങ്ങിയത്. അന്നൊക്കെ ഞാന്‍ തന്നെ പുഷ് ചെയ്യണമായിരുന്നു എന്റെ റോളിന്റെ നീളം കൂടണമെങ്കില്‍. അതിനിടെ കൊമേഡിയന്‍ എന്നൊരു ലേബല്‍ കിട്ടി.

അത് ക്രോസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പലരും എന്നോട് പറഞ്ഞു മോനേ, ഇപ്പോള്‍ കോമഡിയെങ്കിലും ഉണ്ട്. പിന്നെ അതും ഇല്ലാതാകും എന്ന്.

ചേട്ടാ ഇത് മാത്രല്ല വേറെയും ചില കാര്യങ്ങള്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് അവരോട് പറഞ്ഞു. ആ എഫേര്‍ട്ടില്‍ നിന്നാണ് മെക്‌സിക്കന്‍ അപാരത പോലെയുള്ള സിനിമകള്‍ ചെയ്യുന്നത്. പിന്നെ ഊഴം, പൈപ്പിന്‍ ചോട്ടിലെ പ്രണയം അങ്ങനെ കുറച്ച് സിനിമകള്‍.

അത് കഴിഞ്ഞപ്പോള്‍ എനിക്ക് അടുത്ത സ്റ്റെപ്പ് വെക്കാന്‍ ഒരു ഐഡിയ കിട്ടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ നില്‍ക്കുമ്പോഴാണ് ഫാമിലി മാനിന് വേണ്ടി മുംബൈയില്‍ നിന്നും കോള്‍ വരുന്നത്. അങ്ങനെയാണ് അത് ചെയ്യുന്നത്.

കോമഡി ഇനി ചെയ്യുന്നില്ലെന്ന് ഞാന്‍ തീരുമാനിക്കുന്നതും ഫാമിലി മാനായി കോള്‍ വരുമ്പോള്‍ മലയാളത്തില്‍ നിന്ന് ആറ് മാസം ബ്രേക്ക് എടുക്കാമെന്ന് തീരുമാനിക്കുന്നതും ഒരു തരത്തില്‍ താന്‍ എടുത്ത റിസ്‌ക് ആണെന്നും നീരജ് പറഞ്ഞു.

2017 ല്‍ ആണ് ഫാമിലി മാന്റെ വിളി വരുന്നത്. അന്ന് ഇവിടെ ഒ.ടി.ടി സജീവമായിട്ടില്ല. മോനെ, സിനിമയില്‍ നിന്ന് സീരിയലിലോട്ടാണോ നീ പോകുന്നത് എന്ന് വരെ ചോദിച്ചവരുണ്ട്, നീരജ് പറയുന്നു.

Content Highlight: Neeraj Madhav about his New Movie RDX

Video Stories