| Tuesday, 29th August 2023, 8:56 am

ആ വര്‍ഷം എട്ട് പടങ്ങള്‍ ചെയ്തു, പലതും ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങളായിരുന്നു: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്യഭാഷകളില്‍ അഭിനയിച്ചതിനെ പറ്റി സംസാരിക്കുകയാണ് നടന്‍ നീരജ് മാധവ്. സ്ഥിരം ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് മടുത്തപ്പോഴാണ് മറ്റ് ഭാഷകളില്‍ നിന്നും അവസരം വന്നതെന്ന് നീരജ് പറഞ്ഞു. നായകന്റെ കൂട്ടുകാരനപ്പുറം മറ്റ് കഥാപാത്രങ്ങളും തനിക്ക് പറ്റും എന്ന വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ ഉള്ളതും കൂടി പോകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നവരായിരുന്നു കൂടുതലെന്നും നീരജ് പറഞ്ഞു. സില്ലി മോങ്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നായകന്റെ കൂട്ടുകാരനായുള്ള പരിപാടി അവസാനിപ്പിച്ചിട്ട് നായകനായി മലയാളത്തില്‍ രണ്ട് പടം ചെയ്തിരുന്നു. കൂട്ടുകാരന്‍ പരിപാടി ഇനിയും ചെയ്യാന്‍ പറ്റില്ലായിരുന്നു. നമുക്ക് വേറേയും പരിപാടികള്‍ പറ്റും എന്നുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും കൂടെ പോകും എന്ന് പേടിപ്പിക്കുന്നവരായിരുന്നു കൂടുതല്‍.

ഒരു വിശ്വാസത്തിന്റെ പുറത്ത് 2015ല്‍ എട്ട് പടങ്ങള്‍ ചെയ്തു. പലതും എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങളുണ്ടായിരുന്നു. ആ ഫ്‌ളോയ്ക്ക് അനുസരിച്ച് അങ്ങ് പോവുകയായിരുന്നു. പിന്നെ അതും പറ്റാതായി. പിന്നെയാണ് മെക്‌സിക്കന്‍ അപാരതയും ഊഴവും ചെയ്യുന്നത്. അത് 2016ലാണ്. അത് രണ്ടും വ്യത്യസ്തമായ വേഷങ്ങളായിരുന്നു. പിന്നെ നായകനായി പൈപ്പിന്‍ചോട്ടിലെ പ്രണയം വന്നപ്പോള്‍ ചെയ്തു.

ബോയ് നെക്‌സ്റ്റ് ഡോര്‍ കഥാപാത്രങ്ങളില്‍ നിന്നും ഒരു ചേഞ്ച് കിട്ടുന്നില്ല എന്ന് തോന്നി. വരുന്നതൊന്നും എക്‌സൈറ്റിങ്ങാവുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന് നിലയില്‍ ഒരു വളര്‍ച്ച ഉണ്ടാവണമല്ലോ. എപ്പോഴും ഒരു കാര്യം തന്നെയല്ലല്ലോ ചെയ്യേണ്ടത്. ഇതില്‍ വന്നതും അതിന് വേണ്ടിയല്ല.

കാശുണ്ടാക്കാനും പ്രശസ്തിക്കും വെണ്ടി മാത്രമല്ല ഈ ഫീല്‍ഡിലേക്ക് വന്നത്. എനിക്കൊരു സംതൃപ്തി വേണം. അങ്ങനെയൊരു വളര്‍ച്ച തോന്നാതിരുന്നപ്പോള്‍ നല്ല അവസരങ്ങള്‍ പുറത്ത് നിന്നും വന്നു. അപ്പോള്‍ ഒരു റൗണ്ട് കറങ്ങി തിരിച്ചുവന്നു,’ നീരജ് പറഞ്ഞു.

Content Highlight: Neeraj Madhav about his movies in other languages

We use cookies to give you the best possible experience. Learn more