athletics
എന്തൊരു കാലാവസ്ഥയാണിത്, ഓടാന്‍ പോലും സാധിക്കില്ല; കുര്‍താനെ ഗെയിംസില്‍ ട്രാക്കില്‍ വീണ് നീരജ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 19, 01:40 pm
Sunday, 19th June 2022, 7:10 pm

ഇന്ത്യയുടെ അഭിമാന താരമാണ് ഒളിംപിക് ഗോള്‍ഡ് മെഡല്‍ വിന്നറായ നീരജ് ചോപ്ര. 2021ല്‍ നടന്ന ടോക്കിയൊ ഒളിംപിക്‌സില്‍ ജാവ്‌ലിന്‍ ത്രോയില്‍ റെക്കോഡ് നേട്ടവുമായി താരം സ്വര്‍ണം കരസ്തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന കുര്‍താനെ ഗെയിംസിലും ഗോള്‍ഡ് മെഡല്‍ നേടിയിരിക്കുകയാണ് താരമിപ്പോള്‍.

ആദ്യ ത്രോയില്‍ തന്നെ 86.69 മീറ്റര്‍ കവര്‍ ചെയ്ത ചോപ്ര മത്സരത്തില്‍ കൃത്യമായ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള നീരജിന്റെ രണ്ട് ത്രോയും ഫൗളില്‍ കലാശിക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യത്തെ ത്രോ മറികടക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിച്ചില്ല.

കായികതാരങ്ങള്‍ക്ക് മഴയും നനഞ്ഞ അവസ്ഥയും നേരിടേണ്ടി വന്നതിനാല്‍ ഫിന്‍ലന്‍ഡിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ ഇവന്റിന് അനുയോജ്യമല്ലായിരുന്നു എന്നാണ് വിലയിരുത്തലുകള്‍.

അത്‌ലറ്റുകള്‍ അവരുടെ റണ്‍-അപ്പില്‍ പാടുപെടുന്നതായി കാണപ്പെട്ടു, തന്റെ മൂന്നാം ശ്രമത്തിനിടെ ട്രാക്കില്‍ സ്ലിപ്പായ ചോപ്രയുടെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു.

അവസാന മൂന്ന് ശ്രമങ്ങളിലും എറിയുന്നതില്‍ നിന്നും ചോപ്ര ഒഴിയുകയായിരുന്നു. സ്ലിപ്പായി വീണെങ്കിലും ഇപ്പോള്‍ താരത്തിന് കുഴപ്പമൊന്നുമില്ലാെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വീഴ്ചയ്ക്ക് ശേഷം നീരജ് ചോപ്ര സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

‘കുര്‍താനെയില്‍ നിന്നുള്ള വാര്‍ത്തകള്‍: തന്റെ മൂന്നാം ശ്രമത്തിനിടയിലെ സ്ലിപ്പിന് ശേഷം ചോപ്ര സുഖമായി തന്നെ ഇരിക്കുന്നു. വിഷമിക്കേണ്ട കാര്യമില്ല,’ എ.എഫ്.ഐ ട്വീറ്റ ചെയ്തു.

 

കുര്‍ട്ടേന്‍ ഗെയിംസിന് മുമ്പ്, പാവോ നൂര്‍മി ഗെയിംസില്‍ പങ്കെടുത്ത് 89.30 മീറ്റര്‍ എറിഞ്ഞ് വെള്ളി മെഡല്‍ നേടിയാണ് നീരജ് തന്റെ സീസണ്‍ ആരംഭിച്ചത്.

ഈ 89.30 മീറ്റര്‍ ത്രോ ദേശീയ റെക്കോര്‍ഡ് കൂടിയാണ്.

Content Highlights: Neeraj Chopra slipped on track