ടോക്കിയോ: ജാവലിന്‍ ത്രോയില്‍ നേടിയ ഒളിംപിക്‌സ് സ്വര്‍ണ്ണം മില്‍ഖാ സിംഗിനും പി.ടി. ഉഷയ്ക്കും സമര്‍പ്പിച്ച് നീരജ് ചോപ്ര. സ്വര്‍ണ്ണനേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നീരജ്.
‘അത്‌ലറ്റിക്‌സില്‍ മെഡലിനരികെയെത്തിയ എല്ലാവര്‍ക്കുമായി എന്റെ നേട്ടം സമ്മാനിക്കുന്നു,’ നീരജ് പറഞ്ഞു.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞത്.
അത്‌ലറ്റിക്‌സില്‍ ഒളിംപിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും നീരജ് സ്വന്തമാക്കി.
ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ ചോപ്ര ആദ്യ ശ്രമത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ താരം 87.03 മീറ്റര്‍ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക റൗണ്ടില്‍ കണ്ടെത്തിയ ദൂരത്തേക്കാള്‍ മികച്ച പ്രകടനമാണ് ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യന്‍ താരം കണ്ടെത്തിയത്.
എന്നാല്‍, നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയിലാണ് നീരജ് ഈ ദൂരം താണ്ടിയത്.