| Tuesday, 29th August 2023, 4:16 pm

മകന്‍ ഒരു പാകിസ്ഥാനിയെ തോല്‍പ്പിച്ചതില്‍ എന്ത് തോന്നുന്നു? ശ്രദ്ധേയമായ മറുപടിയുമായി നീരജിന്റെ അമ്മ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനുമായി ബന്ധപ്പെടുത്തി ദേശീയ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷപ്പില്‍ സ്വര്‍ണ ജേതാവ് നീരജ് ചോപ്രയുടെ അമ്മ നല്‍കിയ
മറുപടി ശ്രദ്ധ നേടുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത് പാക്കിസ്ഥാന്റെ അര്‍ഷാദ് ആയിരുന്നു. ഇതിനെ ബന്ധപ്പെടുത്തിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍
നീരജിന്റെ അമ്മ സരോജ് ദേവിക്ക് ഒരു ചോദ്യം നേരിടേണ്ടിവന്നത്.

താങ്കളുടെ മകന്‍ ഒരു പാക്കിസ്ഥാനിയെ തോല്‍പിച്ചാണ് ഗോള്‍ഡ് മെഡല്‍ നേടിയിരിക്കുന്നത്, എന്ത് തോന്നുന്നു? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന് മറുപടിയായി, വിജയിക്കുന്നത് പാക്കിസ്ഥാനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല, എന്നായിരുന്നു സരോജ് ദേവി നല്‍കിയത്.

‘എല്ലാവരും മത്സരിക്കാനാണ് എത്തുന്നത്. ആരെങ്കിലും ഒരാള്‍ ജയിക്കും. വിജയിക്കുന്നത് പാക്കിസ്ഥാനിയാണോ ഹരിയാനക്കാരനാണോ എന്നതില്‍ ചോദ്യമില്ല. പാക്കിസ്ഥാനി(അര്‍ഷദ് നദീം) വിജയിച്ചതിലും എനിക്ക് സന്തോഷമുണ്ട്’, സരോജ് ദേവി പറഞ്ഞു.

സ്‌പോര്‍ട്‌സില്‍ പോലും മതവും ജാതിയും ചേര്‍ത്തുവെച്ച് വിദ്വേഷം പരത്തുന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്റെ ഭാഗത്തുനിന്ന് ഉണ്ടയതെന്ന വിമര്‍ശനമുണ്ട്. എന്നാല്‍ ആ ചോദ്യത്തിന്റെ ദുരുദ്ദേശം മനസിലാക്കിയുള്ള സരോജ് ദേവിയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കപ്പെടുന്നുണ്ട്.

അതേസമയം, മത്സരവിജയ ശേഷം അര്‍ഷാദ് നദീമിനെ ഇന്ത്യന്‍ ദേശീയ പതാകയ്ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തിയ നീരജ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദ സന്ദേശം നല്‍കിയിരുന്നു. നീരജിന്റെ പ്രകടനങ്ങള്‍ തനിക്ക് പ്രചോദനമേകുന്നതായി നദീം മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ 88.17 മീറ്റര്‍ പ്രകടനത്തിലാണ് താരം ഒന്നാമനായത്.


Content Highlight: Neeraj Chopra’s mother responded to a national journalist’s question regarding Pakistan. The answer is getting attention

We use cookies to give you the best possible experience. Learn more