Sports News
അര്‍ഷാദ് നദീമും എന്റെ മകനാണ്; സ്വര്‍ണനേട്ടത്തിന് പിന്നാലെ പാകിസ്ഥാന്‍ താരത്തെ അഭിനന്ദിച്ച് നീരജ് ചോപ്രയുടെ അമ്മ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 09, 03:43 am
Friday, 9th August 2024, 9:13 am

ഒളിമ്പിക്‌സ് സ്വര്‍ണനേട്ടത്തില്‍ പാക് അതലീറ്റ് അര്‍ഷാദ് നദീമിന് അഭിനന്ദനവുമായി നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജ് വെള്ളി മെഡല്‍ നേടിയതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അര്‍ഷാദ് നദീമും തന്റെ മകനാണെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സരോജ് ദേവി ഇക്കാര്യം പറഞ്ഞത്.

‘നീരജ് വെള്ളി മെഡല്‍ നേടിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. സ്വര്‍ണ മെഡല്‍ നേടിയവനും (അര്‍ഷാദ് നദീം) എന്റെ മകന്‍ തന്നെയാണ്. ഒരുപാട് കഠിനാധ്വാനത്തിന് ശേഷമാണ് ഓരോ അത്‌ലീറ്റുകളും ആ വേദിയിലെത്തുന്നത്,’ സരോജ് ദേവി പറഞ്ഞു.

 

സമാന അഭിപ്രായമാണ് നീരജിന്റെ അച്ഛന്‍ സതീഷ്‌കുമാര്‍ ചോപ്രയും പങ്കുവെച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമായിരുന്നില്ല ഇതെന്നും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിലൂടെ ദേശങ്ങള്‍ തമ്മില്‍ ഒന്നിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒളിമ്പിക്‌സ് റെക്കോഡോടെയാണ് പാക് താരം അര്‍ഷാദ് നദീം പാരീസില്‍ സ്വര്‍ണത്തിലേക്ക് പറന്നിറങ്ങിയത്. 92.97 മീറ്ററിലേക്കാണ് അര്‍ഷാദ് ജാവലിന്‍ പായിച്ചത്. ആദ്യ ത്രോ ഫൗളായതിന് ശേഷമായിരുന്നു ചാട്ടുളി പോലെ അര്‍ഷാദിന്റെ ജാവലിന്‍ സ്വര്‍ണത്തിലേക്കും ചരിത്രത്തിലേക്കും കുതിച്ചെത്തിയത്.

നോര്‍വെയുടെ ആന്‍ഡ്രെസ് തോര്‍കില്‍സണിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് അര്‍ഷാദ് പാകിസ്ഥാന്റെ പേരിന് നേരെ മെഡല്‍ എഴുതിച്ചേര്‍ത്തത്. 2008ലെ ബീജിങ് ഒളിമ്പിക്സിലാണ് തോര്‍കില്‍സ് റെക്കോഡിട്ടത്. 90.57 മീറ്ററായിരുന്നു അന്ന് ഒളിമ്പിക് റെക്കോഡോടെ നോര്‍വേക്കാരന്‍ സ്വന്തമാക്കിയത്.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ പാകിസ്ഥാന്റെ ആദ്യ സ്വര്‍ണമെഡലാണിത്. 1984ന് ശേഷം പാകിസ്ഥാന്‍ നേടുന്ന ആദ്യ ഒളിമ്പിക് മെഡലും ഇതുതന്നെ.

അതേസമയം, 89.45 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയത്. പാരീസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ആ പ്രതീക്ഷകള്‍ കൈവിടാതെ കാക്കുകയും ചെയ്തു.

ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ താണ്ടിയാണ് പീറ്റേഴ്‌സ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

 

Content Highlight: Neeraj Chopra’s mother congratulates Arshad Nadeem after winning gold medal