ചരിത്രം തിരുത്തി നീരജ് ചോപ്ര, അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ ലോകറെക്കോര്‍ഡുകാരന്‍
Daily News
ചരിത്രം തിരുത്തി നീരജ് ചോപ്ര, അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ ലോകറെക്കോര്‍ഡുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th July 2016, 1:50 pm

പോളണ്ട്: ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമെഴുതി ചേര്‍ത്ത് ഇന്ത്യയുടെ യുവ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ജൂനിയര്‍ തലത്തിലെ ലോക റെക്കോര്‍ഡ്. പോളണ്ടിലെ ബീഗോഷില്‍ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് നീരജ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ആദ്യത്തെ ലോകറെക്കോര്‍ഡാണിത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്ത്യക്കാരന്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കുന്നതും ഇതാദ്യമായാണ്.

രണ്ടാം ശ്രമത്തില്‍ ജാവലിന്‍ 86. 48 മീറ്റര്‍ ദൂരത്തേക്ക് പായിച്ചാണ് പത്തൊമ്പതുകാരനായ ഇന്ത്യന്‍ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. നീരജിന്റെ ത്രോയില്‍ പഴങ്കഥയായത് ലാത്തവിന്‍ സ്വദേശിയായ സിഗ്മണ്ട് സിര്‍മള്‍സിന്റെ പേരിലുണ്ടായിരുന്ന 84.48 മീറ്ററിന്റെ റെക്കോര്‍ഡാണ്. നീരജിന് പിന്നില്‍ 80.59 മീറ്ററോടെ ദക്ഷിണാഫ്രിക്കയുടെ ജോഹന്‍ ഗ്ലോബര്‍ വെള്ളിയും 79.65 മീറ്ററോടെ ഗ്രനാഡ സ്വദേശി ആന്‍ഡേഴ്‌സണ്‍ പീറ്റര്‍ വെള്ളിയും നേടി.

മികച്ച പ്രകടനത്തോടെ നീരജ് റിയോയിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കികഴിഞ്ഞു. റിയോയിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 83 മീറ്ററായിരുന്നു. 82.33 മീറ്ററായിരുന്നു ഇത് വരെയുള്ള നീരജിന്റെ മികച്ച പ്രകടനം. ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്‌ലറ്റിക്‌സ് ടീമാണ് ഇത്തവണ റിയോയിലേക്ക് യാത്ര തിരിക്കുന്നത്. ടീമിലിടം കണ്ടെത്താനായാല്‍ റിയയോയില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യത നീരജിനാവും. കാരണം നീരജ് പിന്നിട്ട ദൂരം ഈ സീസണിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണ്.

മാത്രമല്ല ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കണ്ടെത്തിയതിനേക്കാള്‍ മികച്ച ദൂരമാണ് നീരജ് പോളണ്ടില്‍ പിന്നിട്ടിരിക്കുന്നത്. ലണ്ടനില്‍ സ്വര്‍ണ്ണ ജേതാവായ ട്രിനിഡാഡ ആന്‍ഡ് ടുബാഗോ താരം കാഷോണ്‍ വാല്‍കോട്ടിന്റെ ദൂരം 86.35 മീറ്റര്‍ ആയിരുന്നു. ഹരിയാനയിലെ പാനിപറ്റ് സ്വദേശിയാണ് നീരജ്. ഗുവഹാത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ നീരജ് വെള്ളി മെഡല്‍ നേടിയിരുന്നു.