| Monday, 22nd May 2023, 11:56 pm

ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര; ഇത്‌ അത്യപൂര്‍വ്വ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് ഒളിമ്പ്യന്‍ നീരജ് ചോപ്രക്ക് അത്യപൂര്‍വ്വ നേട്ടം. പുരുഷന്മാരുടെ ലോക ജാവലിങ് ത്രോ റാങ്കിങ്ങില്‍ ഒന്നാമതെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് താരം. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

2021 ടോക്യോ ഒളിമ്പിക്സിലാണ് നീരജ് ചോപ്ര ഇന്ത്യക്ക് അത്ലറ്റിക്സിലെ ആദ്യ ഒളിമ്പിക്സ് സ്വര്‍ണം സമ്മാനിക്കുന്നത്. ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്.

2023 സീസണിലെ മികച്ച പ്രകടനമാണ് താരത്തെ റാങ്കില്‍ ഒന്നാമനാക്കിയത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മത്സരത്തില്‍ നീരജ് 88.63 എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. ഒന്നാമതുള്ള നീരജിന് 1455 പോയിന്റാണുള്ളത്.

ജര്‍മനിയുടെ പീറ്റേഴ്സിന് 1433 പോയിന്റുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെഷ് (1416), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍. 1306 പോയിന്റുള്ള പാകിസ്ഥാന്റെ അര്‍ഷദ് നദീം അഞ്ചാമതുണ്ട്.

ദോഹയില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ഇന്ത്യന്‍ താരം മികച്ച ദൂരം എറിഞ്ഞിരുന്നു. 90 മീറ്ററെന്ന ലക്ഷ്യത്തിലെത്താന്‍ താരത്തിനായില്ല. ടോക്കിയോയില്‍ വെള്ളി നേടിയ യാക്കൂബ് 88.63 മീറ്ററോടെ രണ്ടാമനായി.

മുന്‍ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സന്‍ പീറ്റേഴ്സന് ഇത്തവണയും നീരജിന് വെല്ലുവിളി ഉയര്‍ത്താനായില്ല. 85.88 മീറ്ററോടെ ആന്‍ഡേഴ്സന്‍ മൂന്നാമതെത്തിയിരുന്നു. മെയ് 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം.

നേരത്തെ വനിതാ അത്ലറ്റുകളായ സുനിത ബബര്‍ (ദീര്‍ഘദൂരം), ഷൈലി സിങ് (ലോങ് ജമ്പ്) എന്നിവരും അതല്റ്റിക്സില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.

content highlights: neeraj chopra becomes number one in javelin throw world ranking

We use cookies to give you the best possible experience. Learn more