ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീന ഗുപ്ത. പ്രധാനമായും ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇതിനോടകം മൂന്ന് ദേശീയ അവാര്‍ഡും ഒരു ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഏതാനം മലയാള ചിത്രങ്ങളിലും നീന ഗുപ്ത അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ നജിം കോയ സംവിധാനം ചെയ്ത മലയാളം സീരീസായ 1000 ബേബീസില്‍ സാറാമ്മച്ചിയായി എത്തിയത് നീന ഗുപ്തയായിരുന്നു.
മലയാളം ഫിലിം ഇന്‍ഡസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് നീന ഗുപ്ത. മലയാളത്തില്‍ ചെയ്ത രണ്ട് സിനിമകളും മോഹന്‍ലാലിന്റെ കൂടെ ആയിരുന്നെന്നും എല്ലാം നല്ല ഓര്‍മകളായിരുന്നെന്നും നടി പറയുന്നു. ഒരിടവേളക്ക് ശേഷം മലയാളസിനിമ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ മലയാളസിനിമയുടെ ഗ്രാഫ് മുകളിലേക്കാണെന്ന് നീന പറയുന്നു.
പ്രമേയത്തിന്റെ കാര്യമായാലും ടെക്‌നിക്കല്‍ സൈഡിലാണെങ്കിലും മലയാളം ഇന്‍ഡസ്ട്രി ഗംഭീരമാണെന്നും ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നീന ഗുപ്ത പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീന ഗുപ്ത.
‘1991ലാണ് എന്റെ ആദ്യ മലയാള സിനിമ വന്നത്, ജി. അരവിന്ദന്റെ വാസ്തുഹാര. മോഹന്‍ലാലിനൊപ്പമുള്ള ആ സിനിമ വ്യത്യസ്തമായ അനുഭവമായിരുന്നു. തൊട്ടടുത്ത വര്‍ഷം അഹം ചെയ്തു. വീണ്ടും മോഹന്‍ലാലിനൊപ്പം. എല്ലാം നല്ല ഓര്‍മകളാണ്.
വലിയൊരു ഇടവേളകഴിഞ്ഞാണ് വീണ്ടും ഇവിടേക്ക് വരുന്നത്. ഇപ്പോഴും മലയാളസിനിമയുടെ ഗ്രാഫ് മുകളിലേക്കാണ്. പ്രമേയത്തിന്റെ കാര്യമായാലും ടെക്‌നിക്കല്‍ സൈഡിലാണെങ്കിലും ഗംഭീരമാണ് മലയാളം ഇന്‍ഡസ്ട്രി. മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അതിന് സാധിക്കട്ടെ,’ നീന ഗുപ്ത പറയുന്നു.
1000 ബേബീസില്‍ അഭിനയിച്ചതിനെ കുറിച്ചും നീന പറഞ്ഞു. തനിക്ക് മലയാളം അത്ര വശമില്ലെന്നും സെറ്റില്‍ ഇംഗ്ലീഷും ഹിന്ദിയും അറിയുന്നവര്‍ കുറവായിരുന്നെന്നും താരം പറയുന്നു. ഭാഷയുടെ പരിമിതിയൊന്നും പ്രശ്‌നമായില്ലെന്നും സെറ്റില്‍ എല്ലാവരും ഹാപ്പി ആയിരുന്നെന്നും നീന പറയുന്നു.
‘എനിക്ക് മലയാളം അത്ര വശമില്ല. സെറ്റില്‍ ഇംഗ്ലീഷും ഹിന്ദിയും അറിയുന്നവരും കുറവായിരുന്നു. എങ്കിലും അതൊന്നും പ്രശ്‌നമായില്ല. എല്ലാവരും ഹാപ്പിയായിരുന്നു. സഞ്ജു ശിവറാമിനൊപ്പമുള്ള സീനുകളെല്ലാം നന്നായി ചെയ്യാന്‍കഴിഞ്ഞു. തമാശയും ചിരികളികളുമായി അടിപൊളിയായിരുന്നു ഷൂട്ടിങ്,’ നീന ഗുപ്ത പറയുന്നു.
Content Highlight: Neena Gupta Talks About Malayalam film Industry