നീന മാസം തികയാതെ പ്രസവിച്ചൊരു സിനിമയാണ്. അതും പൂര്‍ണ്ണമായ മുഖ്യധാര മൂല്യബോധത്തോടെ പിറന്നത്. പ്രധാന കഥാപാത്രങ്ങളായ നീനയും നളിനിയും വിനയ് പണിക്കരും ഈ ബോധത്തെ ഉറപ്പിക്കുന്നുണ്ട്. ലാല്‍ ജോസിന്റെ സ്ഥിരം തട്ട് വിട്ടുള്ള ഈ ശ്രമം, കഥാപരിസരത്തില്‍, അതായത് ഭൗതിക പശ്ചാത്തലത്തില്‍ മാത്രമായുള്ള മാറ്റമായി ചുരുങ്ങുന്നു.
ബിപിന്‍ ബിന്ദു ബാബുരാജ്
നീന കണ്ടിരിക്കേണ്ടൊരു പിന്തിരിപ്പന്‍ ചിത്രമാണ്. അറിയാനും അഭിപ്രായം പറയാനും പ്രാപ്തരാക്കുന്നു എന്നയിടത്താണ് നാം കണ്ടിരിക്കേണ്ടതിന്റെ പ്രാധാന്യം. പിന്തിരിപ്പനാകുന്നത് തന്നെ ഒരാളുടെ നില്‍പ്പ് എവിടെയാണെന്ന് അനുസരിച്ചിരിക്കെ, നാം രൂപപ്പെടുത്തിയ മൂല്യബോധത്തെ അടിസ്ഥാനപ്പെടുത്തിയാകും കാഴ്ച്ചകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.
നീന മാസം തികയാതെ പ്രസവിച്ചൊരു സിനിമയാണ്. അതും പൂര്‍ണ്ണമായ മുഖ്യധാര മൂല്യബോധത്തോടെ പിറന്നത്. പ്രധാന കഥാപാത്രങ്ങളായ നീനയും നളിനിയും വിനയ് പണിക്കരും ഈ ബോധത്തെ ഉറപ്പിക്കുന്നുണ്ട്. ലാല്‍ ജോസിന്റെ സ്ഥിരം തട്ട് വിട്ടുള്ള ഈ ശ്രമം, കഥാപരിസരത്തില്‍, അതായത് ഭൗതിക പശ്ചാത്തലത്തില്‍ മാത്രമായുള്ള മാറ്റമായി ചുരുങ്ങുന്നു.
നീനയെ ആദ്യമായി അവതരിപ്പിക്കുന്നത് തന്നെ ഒരു അതിപ്രതിഭയും മുഴുക്കുടിയത്തിയും തന്റേടിയുമാണെന്നുള്ള സഹപ്രവര്‍ത്തകരുടെ അഭിപ്രായത്തിലൂടെയാണ്. അവിടം മുതലിങ്ങോട്ട് മുഖ്യധാര പുരുഷസങ്കല്‍പ്പങ്ങളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ബുള്ളറ്റോടിക്കുന്ന മദ്യപിക്കുന്ന പുകവലിക്കുന്ന നായിക, ഗുണ്ടകളുമായുള്ള അവളുടെ ചങ്ങാത്തം, മതിലുചാട്ടം തുടങ്ങിയവ പൊതുമലയാളിക്ക് കാഴ്ച്ചബംഗ്ലാവ് അനുഭവം തരുന്നുണ്ട്.
മദ്യപിച്ച് വെള്ളത്തില്‍ വീണ നായികയ്ക്ക് സര്‍വഗുണ സമ്പന്നനും മേധാവിയും സുന്ദരനുമായ നായകനടന്‍ കോട്ട് ഊരിനല്‍കുന്നതില്‍ തൃപ്തിയടയുന്ന വികാരമെന്താണ്. അവിടം മുതല്‍ നീന പ്രത്യേകിച്ചൊരു കാരണവും കൂടാതെ പ്രേമരോഗിയാകുന്നു. പ്രേമനൈരാശ്യത്തിന്റെ കൊടുമുടിയില്‍ ആത്മഹത്യാ ശ്രമത്തിലൂടെ ലാല്‍ ജോസ് തന്റെ “ശക്തയായ സ്ത്രീയെ ” പൊതുസമൂഹത്തിന് (പ്രേക്ഷകഭൂരിപക്ഷം) വേണ്ടി കൊലപ്പെടുത്തുന്നു.
പൊതുസമൂഹത്തിന്റെ പ്രതിനിധികളായെത്തുന്ന നളിനിയും നളിനിയുടെ കൂട്ടുകാരിയും നീനയുടെ സഹപ്രവര്‍ത്തകരുമൊക്കെ തങ്ങളുടെ സമവാക്യത്തിന് പുറത്തുള്ള പെണ്ണിന്റെ തകര്‍ച്ചയില്‍ മനസ്സുകൊണ്ടെങ്കിലും സന്തോഷിക്കുന്നുണ്ട്. ഈ വികാരം തന്നെയാണ് പൊതുസമൂഹ ഭൂരിപക്ഷവും പങ്കുവെയ്ക്കുകയെന്ന് തിരിച്ചറിഞ്ഞതാണ് ഈ സിനിമയുടെ കച്ചവട യുക്തി.
രണ്ടാം പകുതിയില്‍ “ശരി”യായ സ്ത്രീത്വത്തിലേക്ക് വരുന്ന നീന മലയാളി സ്ത്രീസങ്കല്‍പ്പത്തിന്റെ തനിപകര്‍പ്പാണ്. ത്യാഗിയായ പെണ്ണ്. വ്യവസ്ഥിതിയുടെ ആണിക്കല്ലായ കുടുംബത്തെ സംരക്ഷിക്കുന്നതിനായി സര്‍വംസഹയായി അവള്‍ മുടിനീട്ടുന്നു. അന്യരാജ്യത്തേക്ക് പലായനം ചെയ്യുന്നു.
ആദ്യപകുതിയില്‍ അവള്‍ പ്രകടിപ്പിക്കുന്ന ഭാവങ്ങളൊക്കെയും പഴകി ദ്രവിച്ച പുരുഷപ്രകൃതങ്ങളാകുകയും രണ്ടാം പകുതിയില്‍ പാമ്പ് പടം പൊഴിക്കും പോലെ അവയെ പുറന്തള്ളുകയും വഴി സംവിധായകന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് അടുക്കളയിലേക്ക് മടങ്ങിപോകേണ്ട വഴി കാട്ടുന്നുണ്ട്. നായികയുടെ ദുര്‍ഗുണങ്ങളുടെ കാരണമായി അവളുടെ ബാല്യകാല ചേരിക്കൂട്ടുകാരെ കാണിക്കുക വഴി പുഴുത്തുനാറിയ മുഖ്യധാര സാംസ്‌കാരിക ഓട പിന്നെയും ദുര്‍ഗന്ധം പടര്‍ത്തുന്നുണ്ട് .
അടുത്ത പേജില്‍ തുടരുന്നു
തുടക്കത്തില്‍ പുരുഷന്മാര്‍ മാത്രം കൂട്ടുകാരായുള്ള അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന മുടിമുറിച്ച തെറിച്ച പെണ്‍കുട്ടി, തിരിച്ചറിവിന്റെ പാതയില്‍ മുടിനീട്ടിയ ത്യാഗിയാകുന്ന ഗുണപാഠ കഥയാണ് നീന. മദ്യത്തിനേയും ഇതര ലഹരിപദാര്‍ഥങ്ങളെയും വില്ലന്‍ വല്‍കരിച്ച് , ആ വില്ലനെതിരെ പൊതുബോധത്തെ അണിനിരത്തി അതിന്റെ മറവില്‍ status quo ബലപ്പെടുത്തുന്ന ഒരു പഴഞ്ചന്‍ സങ്കല്‍പ്പം. പിന്നോട്ടുനടക്കാതിരിക്കാന്‍ നാം വല്ലാതെ ശ്രദ്ധിക്കണം.
വിജയ് ബാബുവിന്റെ വിനയ് പണിക്കര്‍ മധ്യമേല്‍വര്‍ഗ മലയാളി പുരുഷസമൂഹത്തോട് നീതിപുലര്‍ത്തുന്നതായി കാണാം. ചേരി മനുഷ്യരല്ലാതെ “നല്ല” ആളുകളാരും കൂട്ടുകാരായില്ലേ എന്ന ചോദ്യത്തില്‍ തുടങ്ങി നനഞ്ഞ നായികയ്ക്കുള്ള കോട്ട് ദാനം വരെ കാണിക്കുന്നത് ഈ പ്രാതിനിധ്യ സ്വഭാവമാണ്. നവലിബറല്‍ മുതലാളിത്ത മനസ്സോടെ കഴിവുള്ള തൊഴിലാളിയെ കൂടെനിര്‍ത്തുന്നതും “വ്യത്യസ്തയായ ” പെണ്ണിനോടുള്ള കാഴ്ച്ചബംഗ്ലാവ് ഭാവവും നാടകീയമായ ഭാര്യാസ്‌നേഹവും ഈ കഥാപാത്രത്തെ വല്ലാതെ സത്യസന്ധനാക്കുന്നുണ്ട്.
തന്നോട് പ്രേമം തോന്നിയ പെണ്ണിനെ തിരുത്താന്‍ ഭാര്യയുടെ സാമീപ്യത്തില്‍ ശ്രമിക്കുന്ന ലൗഡ് സ്പീക്കര്‍ രംഗം മുഖ്യധാര പ്രേക്ഷകരെ പുളകം കൊള്ളിക്കുമെന്ന് തീര്‍ച്ച. വഴി തെറ്റിപ്പോയ പെണ്ണിനെ രക്ഷിക്കാനുള്ള ശ്രമവും അതിന്റെ പിന്നിലെ ത്യാഗവും ഡോ. പേളിലൂടെ സിനിമയ്ക്കുള്ളില്‍ തന്നെ ശ്ലാഘിക്കപ്പെടുന്നുണ്ട്. മലയാളി പിതൃബോധത്തെ ഇത്രയധികം രോമാഞ്ചിതനാക്കാന്‍ മറ്റെന്തിന് സാധിക്കും ?
ലഹരിവിമോചന കേന്ദ്രത്തില്‍ നായകന് പ്രകടിപ്പിക്കുന്ന വൈകാരിക പ്രശ്‌നങ്ങള്‍ കഴമ്പുള്ളവ തന്നെ. തന്റെ ത്യാഗം, കൃത്യമായ സ്വകാര്യഗുണമായി മാറുന്നില്ലയെന്ന യാഥാര്‍ത്ഥ്യം അയാളെ അസ്വസ്തനാക്കുന്നുണ്ട് . നീനയുമായുള്ള സഹവാസം അയാളില്‍ ഭൗതികമായ തൃഷ്ണകള്‍ സൃഷ്ടിക്കുന്നുണ്ട്.അതിന്റെ കൊടുമുടിയില്‍ അയാള് നീനയ്ക്ക് നീട്ടുന്ന സിഗരറ്റ് , നൈമഷികമായ പുരുഷവികാര പ്രപഞ്ചത്തെ അടയാളപ്പെടുത്തുന്നുണ്ട്.നിരാശയെ തുടര്‍ന്നുള്ള ബാര്‍ സന്ദര്‍ശനവും കുടുംബയുക്തിയില്‍ കെട്ടിയിടപ്പെട്ട അവസ്ഥയും ഫലപ്രദമായി സംവിധായകാന്‍ ഉപയോഗിക്കുന്നുണ്ട്.
നളിനിയെന്ന ഭാര്യാകഥാപാത്രം സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയത്തിന്റെ സ്വരൂപമാണ്. സാരിയും സിന്ദൂരവും നീളന്‍ മുടിയും ത്യാഗവുമായി കടന്നുവരുന്ന “നല്ല സ്ത്രി”. ടെന്‍ഷന്‍ കൂടുമ്പോള്‍ ഭക്ഷണമധികം കഴിക്കുന്ന സവിശേഷത ഒഴിവാക്കിയാല്‍,മുഴുവന്‍ മലയാളി ബോധത്തെയും ഈ കുടുംബസ്‌നേഹിപതിവ്രത ബിംബത്തിന്റെ പിറകില്‍ കയ്യടിയോടെ അണിനിരത്താന്‍ കഴിയുമെന്ന് കണക്ക് കൂട്ടിയ സംവിധായകാന്‍ വിജയിച്ചിരിക്കുന്നു.
ഭര്‍ത്താവിന്റെ ഇതരബന്ധത്തെ അയാളോടൊപ്പം കഴിഞ്ഞുകൊണ്ട് തന്നെ തകര്‍ക്കണമെന്നും ഇടയ്ക്കിടെ അയാളെ കുത്തിനോവിച്ച് ശിക്ഷിക്കണമെന്നുമാണ് നളിനിയുടെ തത്വശാസ്ത്രം. ഇത് വേലക്കാരിയോട് ഉപദേശരൂപേണ പരഞ്ഞുറപ്പിക്കുന്നുണ്ടിവര്‍. ഭര്‍ത്താവിന്റെ ചുറ്റിക്കളികള്‍ മനസ്സിലാക്കിയിട്ടും ഈ കഥാപാത്രത്തിന് അയാളോട് ക്ഷമിക്കാന്‍ സാധിക്കുന്നുണ്ട്. പിതൃബോധത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷികമാണ് ഇത്തരം ചിന്തകളെന്ന് കൂടി നാം കൂട്ടിവായിക്കേണ്ടതുണ്ട്.
ആകെ മൊത്തത്തില്‍ മൂഷികന്‍ വീണ്ടും മൂഷികനായി എന്നതാണ് കാര്യം. വ്യത്യസ്തയായ മനുഷ്യനെന്നാല്‍ ലിംഗദ്വന്ദ്വത്തിലെ അപരബോധസ്വീകരണമാണെന്ന ചുരുക്കി വായനയായി ഈ സിനിമ മാറുന്നുണ്ട്. വ്യത്യസ്തയായ പെണ്ണ് ആണത്തമുള്ളവളും അണ്‍ബോധത്തില്‍ ജീവിക്കണമെന്നും വിവക്ഷ. കുഴഞ്ഞ ലൈംഗികത(confused sex)യെന്ന് അവകാശപ്പെട്ടാലും തിരിച്ച് വരവ് ആണിലേക്കോ പെണ്ണിലേക്കോ ആകുമെന്നബോധവും ഇതിലുണ്ട്. സിനിമയുടെ അവസാന രംഗങ്ങളില്‍ നീന മുടി നീട്ടിവളര്‍ത്തിയിരിക്കുന്നത് ഇത്തരം ചിന്തയുടെ സൂചനയാണ്. ആ രംഗങ്ങളില്‍ അവളോടൊപ്പമുള്ള സുഹൃത്തുക്കള്‍ മുഴുവനും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
തുടക്കത്തില്‍ പുരുഷന്മാര്‍ മാത്രം കൂട്ടുകാരായുള്ള അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന മുടിമുറിച്ച തെറിച്ച പെണ്‍കുട്ടി, തിരിച്ചറിവിന്റെ പാതയില്‍ മുടിനീട്ടിയ ത്യാഗിയാകുന്ന ഗുണപാഠ കഥയാണ് നീന. മദ്യത്തിനേയും ഇതര ലഹരിപദാര്‍ഥങ്ങളെയും വില്ലന്‍ വല്‍കരിച്ച് , ആ വില്ലനെതിരെ പൊതുബോധത്തെ അണിനിരത്തി അതിന്റെ മറവില്‍ status quo ബലപ്പെടുത്തുന്ന ഒരു പഴഞ്ചന്‍ സങ്കല്‍പ്പം. പിന്നോട്ടുനടക്കാതിരിക്കാന്‍ നാം വല്ലാതെ ശ്രദ്ധിക്കണം.