മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയ നീലക്കുയില്‍
DISCOURSE
മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കിയ നീലക്കുയില്‍
ഗോപകുമാര്‍ പൂക്കോട്ടൂര്‍
Wednesday, 23rd October 2024, 3:07 pm
സംസ്‌കൃതാധിക്യമുണ്ടായിരുന്ന മലയാള ചലച്ചിത്രഗാനത്തെ നാടോടിത്തത്തിലേക്ക് കൊണ്ട് വരുന്നത് ഗാനരചയിതാവും സിനിമാ സംവിധായകനുമായ പി ഭാസ്‌കരനാണ്. 1952 ല്‍ അമ്മയില്‍ തുടങ്ങി, 1954 - ല്‍ നീലക്കുയിലിലെത്തുമ്പോള്‍ ചലച്ചിത്രഗാനരംഗത്ത് സംജാതമായ പുതിയശൈലിക്ക് പിന്നീട് തുടര്‍ച്ചയുണ്ടാക്കിയതില്‍ മാപ്പിളപ്പാട്ടുകളും ഉണ്ടായിരുന്നു.

മലയാള സിനിമയുടെ ചരിത്രവും സംഗീതവും തിരുത്തിക്കുറിച്ച നീലക്കുയിലിന് 70 വര്‍ഷം തികയുമ്പോള്‍ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഒരു ഗാനത്തെ എങ്ങനെയാണ് മലയാളിക്ക് വിസ്മരിക്കാനാവുക. പി. ഭാസ്‌കരന്‍ കെ. രാഘവന്‍ കൂട്ടുകെട്ടില്‍ പിറന്ന നീലക്കുയിലിലെ ഗാനങ്ങളില്‍ മാപ്പിള ഈണം നല്‍കിയ കായലരികത്ത് പാട്ട് തുടക്കമിട്ട പ്രവണത ഇന്ന് മലയാളസിനിമാ സംഗീതത്തെ കൂടുതല്‍ ഉയരത്തിലെത്തിച്ചുവെന്ന് പറയാം.

1954 ഒക്ടോബര്‍ 22ന് പി ഭാസ്‌കരനും, രാമു കാര്യാട്ടും ചേര്‍ന്ന് പുറത്തിറക്കിയ നീലക്കുയില്‍ എന്ന നിയോ റിയലിസ്റ്റ് ചലച്ചിത്രം ഒരു പുതു തുടക്കമായിരുന്നു. ഇന്ത്യന്‍ ചലച്ചിത്രലോകത്തുതന്നെയും മലയാളസിനിമയെ അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു നീലക്കുയില്‍.

ഹിന്ദിഭാഷയുടെയും തമിഴിന്റെയും നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നിരുന്ന മലയാള ചലച്ചിത്രഗാനശാഖ ആദ്യമായി മൗലികത്വത്തിന്റെ ശബ്ദം കേള്‍പ്പിച്ചത് നീലക്കുയിലാണ്. അന്നുവരെയുണ്ടായിരുന്ന ഗാനസങ്കല്‍പത്തെയാകെ തിരുത്തിക്കുറിക്കുകയായിരുന്നു നീലക്കുയില്‍. മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഒരു മാപ്പിളപ്പാട്ട് എറ്റവും കൂടുതല്‍ ജനകീയമായ ചലച്ചിത്രം എന്ന ബഹുമതി നീലക്കുയിലിനായി.

P. Bhaskaran, Indian poet and lyricist

പി. ഭാസ്‌കരന്‍

മലബാറില്‍ മാപ്പിളപ്പാട്ടുകള്‍ക്കുണ്ടായിരുന്ന ജനസമ്മിതിയും സ്വീകാര്യതയും പിന്നീട് കേരളമൊട്ടുക്കും വ്യാപിക്കുവാന്‍ കായലരികത്ത് കാരണമായി. സംസ്‌കൃതാധിക്യമുണ്ടായിരുന്ന മലയാള ചലച്ചിത്രഗാനത്തെ നാടോടിത്തത്തിലേക്ക് കൊണ്ട് വരുന്നത് ഗാനരചയിതാവും സിനിമാ സംവിധായകനുമായ പി ഭാസ്‌കരനാണ്. 1952 ല്‍ അമ്മയില്‍ തുടങ്ങി, 1954 – ല്‍ നീലക്കുയിലിലെത്തുമ്പോള്‍ ചലച്ചിത്രഗാനരംഗത്ത് സംജാതമായ പുതിയശൈലിക്ക് പിന്നീട് തുടര്‍ച്ചയുണ്ടാക്കിയതില്‍ മാപ്പിളപ്പാട്ടുകളും ഉണ്ടായിരുന്നു.

പി ഭാസ്‌കരന്റെയും സംഗീതജ്ഞനായ കെ. രാഘവന്‍ മാഷിന്റെയും ഈ നിര്‍ണ്ണായക ഇടപെടലുകളും സംഭാവനകളും മാപ്പിളപ്പാട്ടിനെയും ജനകീയമാക്കിപ്പോള്‍ മലബാറിലൊതുങ്ങി നിന്ന മാപ്പിളപ്പാട്ടിനെ കേരളമാകെ കേള്‍പ്പിക്കുക കൂടി ചെയ്തു.

K. Raghavan, Indian musical composer

കെ. രാഘവന്‍

ഉറൂബിന്റെ കഥയായിരുന്നു സിനിമ. ഇടിഞ്ഞുപൊളിഞ്ഞ് വീഴുന്ന ഒരു നായര്‍ തറവാടും അതിനുചുറ്റുമുള്ള സഹജീവികളുടെ ജീവിതവും സിനിമ വരിച്ചിട്ടു. ഉറ്റവരില്ലാത്ത ഒരു സ്‌കൂള്‍ മാസ്റ്ററാണ് കഥാ നായകനായ ശ്രീധരന്‍ നായര്‍; നായിക നീലിയെന്ന പുലയിപ്പെണ്ണും.

കന്നിക്കൊയ്ത്തിന്റെ ആനന്ദത്തില്‍ ഉല്ലാസനൃത്തം ചവിട്ടുന്ന കര്‍ഷകര്‍ പെരുമഴ ചിതറിപ്പായുന്നു. കൂട്ടം വിട്ട നീലിക്ക്, കളപ്പുരയില്‍ ശ്രീധരന്‍ നായര്‍ അഭയം നല്‍കുന്നു. അവിടെവെച്ച് ഇരുവരുടെയും ശരീരങ്ങള്‍ ഒന്നാകുന്നതും അത് സമൂഹത്തിലുണ്ടാക്കുന്ന തുടര്‍ ചലനങ്ങളുമാണ് സിനിമ പറയുന്നത്. എങ്കിലും സമൂഹത്തിന്റെ വിവിധ പ്രതിനിധികള്‍ക്കൊപ്പം മാപ്പിള സംസ്‌കാരവും ഒരു പാട്ടിലൂടെ സിനിമയുടെ ഭാഗമായി.

‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ’ എന്ന ഗാനം പി. ഭാസ്‌കരന്‍ എഴുതുമ്പോള്‍ വലയും വളയും നല്‍കുന്ന പ്രാസം പോലും മാപ്പിളപ്പാട്ടിന്റെ സവിശേഷത അടയാളപ്പെടുത്തുന്നതായി. കായലില്‍ സ്ഥിരമായി വലയെറിയുന്ന ഒരു മാപ്പിള മുക്കുവന്റെ വീക്ഷണകോണിലൂടെയാണ് നര്‍മ്മത്തില്‍ ചാലിച്ച ഈ ഗാനം മുന്നോട്ട് പോകുന്നത്.


‘പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോള്‍ ഒരു നറുക്കിന് ചേര്‍ക്കണേ’എന്ന വരികളില്‍ അന്ന് നിലവിലുണ്ടായിരുന്ന നാട്ടു ചിട്ടികളെ പരമാര്‍ശിക്കുന്ന പദങ്ങള്‍ ക്രമേണ പ്രണയതീവ്രതയിലേക്ക് വഴിമാറുന്നതും കാണാം. ‘കണ്ണിനാലെന്റെ കരളിനുരുളിയില്‍ എണ്ണ കാച്ചിയ നൊമ്പരം, ഖല്‍ബിലറിഞ്ഞപ്പോള്‍ ഇന്ന് ഞമ്മള്‍ കയറുപൊട്ടിയ പമ്പരം’ എന്ന വരികളില്‍ ഖല്‍ബ് അഥവാ ഹൃദയത്തിനുപകരമുള്ള അറബിമലയാള പദം ഉപയോഗിച്ചിരിക്കുന്നു.

‘ഞമ്മള്‍’ ഉള്‍പ്പെടെയുള്ള നിരവധി മാപ്പിള ഭാഷാപ്രയോഗങ്ങളും പ്രണയതീവ്രതയെ നാട്ടുതനിമകളോട് ഉപമിച്ചുകൊണ്ടുള്ള ശൈലികളും പാട്ടിന്റെ സവിശേഷതകളാണ്. മാപ്പിളപ്പാട്ടുകളില്‍ നിത്യപ്രതിപാദന വിഷയമായി തീരാറുള്ള പ്രണയം, അതിന്റെ തീവ്രതയെ നാട്ടുഭാഷയും മാപ്പിളത്തനിമയും ഒട്ടും ചോര്‍ന്ന് പോകാതെ പി ഭാസ്‌കരനും കെ രാഘവനും ഗാനത്തെ ചിട്ടപ്പെടുത്തിയെടുത്തി.

ചേറില്‍ നിന്ന് ബളര്‍ന്ന് പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാല്‍ –നെയ്
ച്ചോറ് വെച്ചത് തിന്നുവാന്‍ കൊതി
യേറെയുണ്ടെന്‍ നെഞ്ചിലായ്

എന്നീ വരികളില്‍ ദരിദ്രപൂര്‍ണ്ണമായ ചുറ്റുപാടില്‍ നിന്നും വളര്‍ന്നുവന്ന കഥാപാത്രത്തെ വര്‍ണിക്കുന്നതാകട്ടെ ചേറില്‍ വിരിഞ്ഞ താമരയോടാണ്. താമരയെന്ന് പറയാതെ സ്ത്രീയെ ഹൂറി എന്ന വാക്കുകൊണ്ട് പരാമര്‍ശിച്ചും, അവളെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തെ അവളുടെ കൈകൊണ്ടുണ്ടാക്കിയ നെയ്ച്ചോറു കഴിക്കണം എന്നാക്കി വെളിപ്പെടുത്തിയും പാട്ട് മലയാളിയെ പാട്ടിലാക്കി. ബളര്‍ന്ന്, പൊന്തിയ എന്നിങ്ങനെയുള്ള മാപ്പിളപ്രയോഗങ്ങളും ഉപമകളും അവസരത്തിനൊത്ത് പ്രയോഗിക്കുന്നതില്‍ പി ഭാസ്‌കരനുള്ള വൈദ്ഗദ്യവും പാട്ടിലുടനീളം ദര്‍ശിക്കാം.

കഥയുടെ ഭാഗമല്ലാതിരുന്നിട്ടുകൂടി ഒരു മാപ്പിളപ്പെണ്ണിനെ പാട്ടിലൂടെ പരിചയപ്പെടുത്തുക എന്ന കര്‍മ്മവും പാട്ട് നിര്‍വഹിച്ചു.

കേരളത്തിലെ വിശേഷിച്ചും മലബാറിലെ ഭക്ഷണരീതികളെ പരാമര്‍ശിച്ച ആദ്യഗാനവും കായലരികത്താണെന്ന് പറയാം. നെയ്ച്ചോറ് എന്ന വിഭവം ഒരു പാട്ടിന്റെ വരികളിലാദ്യമായി പരാമര്‍ശിക്കുന്നതും ഈ പാട്ടില്‍കൂടിയാണ്.

വേറെയാണ് വിചാരമെങ്കില്
നേരമായത് ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
കയിലും കുത്തി നടക്കണ്.

എന്ന അവസാന വരിയില്‍ ‘കയിലും കുത്തി നടക്കുക’ എന്ന മലബാറിലെ ഭാഷാ പ്രയോഗവും അവസരത്തിനൊത്ത് ഗാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.

വമ്പെഴും നിന്റെ പുരികക്കൊടിയുടെ
അമ്പുകൊണ്ട് ഞരമ്പുകള്‍
കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ
കമ്പിപോലെ വലിഞ്ഞുപോയ്

എന്ന വരികളില്‍ പ്രകടമാകുന്ന വൈകാരികതക്കൊപ്പം തന്നെ ശീലക്കുട എന്ന പ്രയോഗത്തിലൂടെ ആ കാലത്തെ തന്നെ അടയാളപ്പെടുത്തുന്നതും കാണാം. അമ്പതുകളിലായിരുന്നു ഓലക്കുടക്കു പകരം മലയാളി ശീലക്കുടകളും വ്യാപകമായി ഉപയോഗിച്ചുവന്നത്

V. Dakshinamoorthy, Musician and composer

വി. ദക്ഷിണാമൂര്‍ത്തി

മാപ്പിളപ്പാട്ടെഴുത്തില്‍ പി. ഭാസ്‌കരനുണ്ടായിരുന്ന തഴക്കമാണ് 1952 ല്‍ അമ്മയെന്ന സിനിമയിലൂടെ ആദ്യമായി മാപ്പിളപ്പാട്ട് ഇടംപിടിക്കാന്‍ കാരണമായത്. അമ്മയിലെ പി. ഭാസ്‌കരന്‍-വി. ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന ‘ചുരുക്കത്തില്‍ രണ്ടുദിനം കൊണ്ടാ നാട്ടിലെ കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം’ എന്ന സര്‍ക്കീട്ട് ഗാനമാണ് സിനിമയിലെ മാപ്പിളപ്പാട്ടിന് തുടക്കം കുറിച്ചത്.

എന്നാല്‍ സിനിമയുടെ തമിഴ് സ്വാഭാവം കാരണം ഈ ഗാനം അധികമാരും ശ്രദ്ധിച്ചിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് നാടോടി സംഗീതത്തില്‍ കെ. രാഘവനുണ്ടായിരുന്ന പരിചയവും പി. ഭാസ്‌കരന്റെ രചനാ വൈഭവവും ഒത്തുചേര്‍ന്ന 1954 ലെ നീലക്കുയിലൂടെയാണ് മാപ്പിളപ്പാട്ട് ജനകീയമാകുന്നത്.

തുടര്‍ന്നുള്ള നിരവധി സിനിമകളില്‍ ഇതര ഗാനരചയിതാക്കള്‍ക്കും സംഗീതജ്ഞര്‍ക്കും മാപ്പിളപ്പാട്ടിന്റെ ജൈത്രയാത്ര നടത്താന്‍ മലയാള സിനിമയിലെ ചലച്ചിത്രഗാന സങ്കല്‍പ്പത്തെയാകെ അടിമുടി മാറ്റിയ ഈ പാട്ടിന്റെ വിജയം കരുത്തുനല്‍കി. പാട്ടിന്റെ വിജയം കൂടുതല്‍ ജനപ്രിയ മാപ്പിള ഈണങ്ങള്‍ ചലച്ചിത്ര ഗാനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും പ്രേരിപ്പിച്ചു.


പ്രണയം ശക്തമായി ആവിഷ്‌കരിക്കാനുള്ള ഒരു മികച്ച മാധ്യമം എന്ന നിലയില്‍ മാപ്പിളപ്പാട്ടിന്റെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന വൈകാരിക ഇടവും, ഗൃഹാതുരത അടക്കമുള്ള മറ്റു മൃദുല വികാരങ്ങളെ പ്രതിഫലിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള സ്വീകാര്യതയും, പി ഭാസ്‌കരന്റെ ചേറ്റുവാ-കൊടുങ്ങല്ലൂര്‍ -ആകാശവാണി- മലബാര്‍ ബന്ധങ്ങള്‍ വഴി കൈവന്ന മാപ്പിള വാമൊഴി, പാട്ടുതഴക്കവും അദ്ദേഹത്തിന്റെ ശക്തമായ സാന്നിധ്യവും മാപ്പിളപ്പാട്ടിനെ സിനിമകളില്‍ നിലനിര്‍ത്തിപ്പോന്നു.

1956 നവംബര്‍ ഒന്നിന് ഐക്യകേരളം യാഥാര്‍ത്ഥ്യമാവുന്നതിന് മുന്‍പേ തന്നെ തനത് സംഗീതം കൊണ്ട് തിരുവിതാംകൂര്‍-കൊച്ചി- മലബാര്‍ എന്നീ അതിര്‍വരമ്പുകളെ ഭേദിച്ച് കെ. രാഘവന്‍ കേരളത്തിന്റെ ഭൂപടം മാറ്റിവരച്ചു.

കേരളത്തില്‍ ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് കേരളത്തെ സജ്ജമാക്കിയത് വിവിധ ധാരകളായിരുന്നു. അതില്‍ മലയാളസിനിമയുടെ സംഭാവനയായി തീര്‍ച്ചയായും നീലക്കുയിലും അതിലെ പാട്ടുകളും അണിചേര്‍ന്നു. ആറ് ഗായകര്‍ ഒത്തുചേര്‍ന്ന് ഒന്‍പത് ഗാനങ്ങളുമായാണ് നീലക്കുയില്‍ പുറത്തിറങ്ങിയത്. ഇത്രയും വൈവിദ്ധ്യമാര്‍ന്ന ഗാനങ്ങളും ശബ്ദങ്ങളും അണിനിരന്ന ചിത്രങ്ങള്‍ മലയാള സിനിമാ ചരിത്രത്തില്‍ അപൂര്‍വ്വമാണ്.

മാപ്പിളപ്പാട്ടിനെ മലയാള സിനിമയുമായി കൂട്ടിക്കെട്ടുകയെന്ന ധീരപ്രവര്‍ത്തിയാണ് 1950 കളില്‍ നടന്നത്. 1950 (1952) മുതല്‍ 1959 വരെയുള്ള ദശകത്തില്‍ എട്ട് മാപ്പിളപ്പാട്ടുകളാണ് മലയാള സിനിമയില്‍ ഇടം തേടിയത്. വരുംകാലത്തേക്കുള്ള ചവിട്ടുപടിയായിരുന്നു ഈ നീക്കം.

മലബാറിന്റെ സംഭാവനയായ മാപ്പിളപ്പാട്ടിന് തിരു-കൊച്ചിയുടെ തട്ടകത്തില്‍ ആദ്യമായി ഒരു ഇടം നേടിക്കൊടുത്തത് പി. ഭാസ്‌കരനും കെ. രാഘവനും ചേര്‍ന്ന കൂട്ടുകെട്ടാണ്. മലയാള സിനിമയിലെ മാപ്പിളപ്പാട്ടിന്റെ പ്രഥമ സ്രഷ്ടാക്കളാണ് രണ്ട് പേരും. ഇവരിലൂടെയാണ് മലയാളസിനിമാ സംഗീത നവോത്ഥാനത്തിന്റെ ഉദയം. മലയാളസിനിമയില്‍ ഗാനസാഹിത്യത്തെയും ലളിത സംഗീതത്തെയും ജനകീയമാക്കിയതിലുള്ള അവകാശം അവര്‍ക്കാണ്.

അതുകൊണ്ടാണ് മലയാള സിനിമാ സംഗീതം നീലക്കുയിലിന് മുന്‍പും നീലക്കുയിലിന് പിന്‍പും എന്നീ രണ്ട് കാലഘട്ടങ്ങളായി വേര്‍തിരിഞ്ഞുകിടക്കുന്നത്.

മാപ്പിളമാരുടെ സാംസ്‌കാരിക ജീവിതമാണ് മാപ്പിളപ്പാട്ട് വരച്ചുകാട്ടുന്നത്. അതുകൊണ്ട് തന്നെ മതം, പ്രണയം, കുടിയേറ്റം, ഗൃഹാതുരത്വം, ആക്ഷേപഹാസ്യം, ഉത്സവങ്ങള്‍, ചരിത്രം, മാപ്പിളസംസ്‌കാരവുമായി ബന്ധപ്പെട്ട വീരഗാഥകള്‍ തുടങ്ങിയ വിഷയങ്ങളാണ് മലയാളസിനിമകളില്‍ പൊതുവെ മാപ്പിളപ്പാട്ട് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇത് ജനങ്ങളില്‍ വളരെയേറെ സ്വാധീനം ചെലുത്തുകയും മാപ്പിളപ്പാട്ടിന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയും ചെയ്തു. മാപ്പിളപ്പാട്ടിന്റെ വേറിട്ട സാംസ്‌കാരിക സ്വത്വത്തിന്റെയും സൗന്ദര്യാത്മക വര്‍ണനയുടെയും ചൈതന്യം മലയാള ചലച്ചിത്രഗാനങ്ങളില്‍ നവതരംഗം സൃഷ്ടിച്ചു.

പി. ഭാസ്‌കരന്റെ വരവ്

P. Bhaskaran, Indian poet and lyricist

പി. ഭാസ്‌കരന്‍

പി. ഭാസ്‌കരന്റെ മാപ്പിളപ്പാട്ട് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് തമിഴ് സിനിമയിലാണ്. 1948ല്‍ ജെമിനി വാസന്‍, അപൂര്‍വ്വസഹോദര്‍കള്‍ എന്നൊരു തമിഴ് സിനിമയില്‍ അഞ്ചു ഭാഷകളിലുള്ള ഒരു പാട്ട് നായികയായ പി. ഭാനുമതി പാടിയപ്പോള്‍ അതില്‍ മലയാളഗാനം എഴുതാന്‍ ചുമതലപ്പെടുത്തിയത് പി. ഭാസ്‌കരനെയായിരുന്നു.

ഇരുപത്തിനാല് വയസുള്ള പി. ഭാസ്‌കരന് അന്ന് ജയകേരളം എന്ന ആനുകാലികത്തില്‍ പത്രാധിപ സമിതിയംഗമായി മദ്രാസില്‍ ജോലി ചെയ്യുകയായിരുന്നു. സ്വാതന്ത്യസമരകാലത്ത് തിരുവിതാംകൂറില്‍ നിന്നുള്ള പോലീസ് നടപടി കാരണമാണ് അദ്ദേഹം മദ്രാസിലെത്തിയത്. പക്ഷേ തമിഴ് സിനിമക്ക് ഭാസ്‌കരന്‍ പാട്ടെഴുതിയത് മാപ്പിളപ്പാട്ട് ശൈലിയിലായിരുന്നു.

നിര്‍മ്മാതാക്കളുടെ ആവശ്യാര്‍ത്ഥമല്ല മാപ്പിളപ്പാട്ട് ശൈലി സ്വീകരിച്ചതെന്ന് ഭാസ്‌കരന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടോ അങ്ങനെ എഴുതാന്‍ തോന്നി. ബാല്യകാലം മുതല്‍ മാപ്പിളപ്പാട്ടുമായി ഒരാത്മബന്ധമുണ്ടായിരുന്നു. ആ സ്വാധീനമാകാം കാരണം.

ജെമിനിയുടെ അപൂര്‍വസഹോദരകള്‍ 1949ല്‍ റിലീസ് ചെയ്തു. പടവും പാട്ടും സൂപ്പര്‍ ഹിറ്റായി. ലഡു മിഠായി വേണമാ എന്നാണ് ഗാനത്തിന്റെ തുടക്കം. തുടര്‍ന്നാണ് അമ്മയെന്ന മലയാള സിനിമയിലൂടെ പി ഭാസ്‌കരന്‍ ആദ്യമായി മാപ്പിളപ്പാട്ട് രചിക്കുന്നതും പിന്നീട് നീലക്കുയിലിലൂടെ മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതും.

പി. ഭാസ്‌കരന്റെ അപൂര്‍വ്വസഹോദര്‍കള്‍ക്കു വേണ്ടി എഴുതിയ മാപ്പിളപ്പാട്ട്:

‘കടക്കണ്ണിന്‍ തലപ്പത്ത് കറങ്ങും വണ്ടേ
കളിച്ചും കൊണ്ടേ
പറക്കുന്നതെന്തിനോ വണ്ടേ
പൂതി എഴുന്നൊരു കരിവരി വണ്ടേ
പൂമരമിന്നു വിരിഞ്ഞിതു കണ്ടേ
കനിവറ്റ കരിമിഴി ചതിച്ചു പൊന്നേ
കടമിഴി വലവീശളു വലച്ചിടൊല്ലേന്നെ
എന്തിനാണു പൂങ്കരളേ പന്തി
രണ്ടിലാക്കണു
എപ്പൊഴാണീ പൂമരം വിരിഞ്ഞു
തേന്‍ കുടിക്കണ്’

 

കെ. രാഘവന്റെ വരവ്

1950-ല്‍ കോഴിക്കോട് ആകാശവാണിയില്‍ ഫോക്ക്-ലൈറ്റ് മ്യൂസിക് വിഭാഗങ്ങളുടെ ചുമതലയുള്ള പ്രൊഡ്യൂസറായി സ്ഥാനമേറ്റതായിരുന്നു രാഘവന്‍മാസ്റ്ററുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവുകളിലൊന്ന്. പി ഭാസ്‌കരന്‍, തിക്കൊടിയന്‍, ഉറൂബ്, പദ്മനാഭന്‍ നായര്‍ തുടങ്ങിയ പ്രതിഭാ ശാലികളുമായി ബന്ധപ്പെടുന്നത് ഈ കാലയളവിലാണ്.

സിനിമാസംഗീതത്തിലേക്ക് വഴിതുറക്കുന്നതും ഈ അടുപ്പം തന്നെ. 1954ല്‍ ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ’ എന്ന പാട്ട് രാഘവന്‍മാഷ് പാടിയപ്പോള്‍ അര്‍ത്ഥത്തിലും, ഈണത്തിലും, ഒരു പുതിയ ലോകം അനാവരണം ചെയ്യപ്പെടുകയായിരുന്നു. ഇതിന്റെ ഈണത്തിന് ‘ബദറുല്‍മുനീര്‍ ഹുസ്നുല്‍ ജമാ’ലിലെ (മോയിന്‍കുട്ടി വൈദ്യര്‍) ‘ആദി അന്തം’ എന്ന ‘ഇശ’ലില്‍ ചിട്ടപ്പെടുത്തിയ

”എത്തുമപ്പരിശൊത്ത ബാലനില്‍
പത്തിനി ഹുസ്നുല്‍ ജമാല്‍
എപ്പളും അവരൊപ്പരം മനം
തപ്പിടാതെ തരത്തിനാല്‍” 

എന്ന ഗാനവുമായി സാദൃശ്യം കാണാം. എന്നാല്‍ ഈ ഈണത്തേക്കാളുമുപരി രാഘവന്‍മാഷെ സ്വാധീനിച്ചിട്ടുണ്ടാവുക, കോഴിക്കോടിന്റെ പരിസരപ്രദേശങ്ങളില്‍ അദ്ദേഹം എത്രയോ തവണ കേട്ടുതഴമ്പിച്ച ‘കെസ്സുപാട്ടു’കളായിരിക്കും.
പാട്ടിന് പോലും തൊട്ടുകൂടായ്മയും, അയിത്താശുദ്ധികളും കല്‍പ്പിച്ച ഒരു കാലത്ത് സംഗീതലോകത്തേക്ക് കടന്നുവന്ന കെ .രാഘവന്‍ ബഹിഷ്‌കൃതന്റെയും നിഷ്‌കാസിതന്റെയും സംഗീതം മുഖ്യധാരയിലേക്കെത്തിക്കുകയായിരുന്നു  നീലക്കുയിലിലൂടെ.

മാപ്പിളപ്പാട്ട്

പ്രത്യേക താളക്രമവും വൃത്തനിയമങ്ങളും അനുസരിച്ച് മലബാറിലെ മുസ്‌ലിങ്ങളുടെ മൊഴിയിലും അവരുടെ സങ്കല്‍പ്പങ്ങളിലും ഊന്നി നില്‍ക്കുന്ന ഭാഷയില്‍ രചിക്കപ്പെട്ട പദ്യകൃതികള്‍ക്കാണ് മാപ്പിളപ്പാട്ട് എന്നുപറയുന്നത്. ഭക്തി, പ്രണയം, സ്നേഹം, കാരുണ്യം, തമാശ, സങ്കടം, നര്‍മ്മം തുടങ്ങിയ വികാരങ്ങള്‍ അതിന്റെ തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ മാപ്പിളപ്പാട്ടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അറബിമലയാളമെന്ന സങ്കരഭാഷയുടെ ഗാനാത്മക ഉത്പ്പന്നമാണ് മാപ്പിളപ്പാട്ടുകള്‍. മലയാളം, അറബി, ഇവ രണ്ടും ചേര്‍ന്ന അറബി മലയാളം എന്നിവയെക്കുടാതെ, പേര്‍ഷ്യന്‍, ഉര്‍ദു, തമിഴ്‌, ഹിന്ദി എന്നീ പദങ്ങളാണ് പൊതുവെ മാപ്പിളപ്പാട്ടുകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. അറബീയതയും കേരളീയതയും മാപ്പിളത്താളവും അറബിതാളവും മലയാള താളവും മാപ്പിളപ്പാട്ടില്‍ സമന്വയിച്ചിരിക്കുന്നു.

ശൃംഗാരരസമാണ് മാപ്പിളപ്പാട്ടിലെ മറ്റൊരു പ്രത്യേകത. താളപ്രധാനവും പ്രാസനിബദ്ധവുമാണ് മാപ്പിളപ്പാട്ടുകളേറെയും. മാപ്പിളപ്പാട്ടിന്റെ ജനനം അറബിവൃത്തങ്ങളും കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഗാനരീതികളും അനുകരിച്ചുകൊണ്ടായിരുന്നു. ദ്രാവിഡവൃത്തങ്ങളുടെ സ്വാധീനവും സംസ്‌കൃത പദസ്വീകരണവും പിന്നീടുണ്ടായി. നാടന്‍ ശീലുകളും പദപ്രയോഗങ്ങളുമാണ് മാപ്പിളപ്പാട്ടുകളുടെ മറ്റൊരു സവിശേഷത. മാപ്പിളപ്പാട്ടിലെ വൃത്തങ്ങളാണ് ഇശലുകള്‍.

മാപ്പിളപ്പാട്ടുകളില്‍ നൂറോളം ഇശലുകള്‍ ഉണ്ട്. തൊങ്കല്‍, കപ്പപ്പാട്ട്, മിഅറാജ്, കൊമ്പ്, പുകയിനാര്‍, ഒപ്പന തുടങ്ങി ഒരു കാവ്യത്തില്‍ തന്നെ പല ഇശലുകളും കണ്ടേക്കും. ഒരു കാവ്യത്തില്‍ തന്നെ പല ഇശലുകള്‍ മാപ്പിളപ്പാട്ടുകളുടെ പ്രത്യേകതയാണ്. കാവ്യഗതിക്കനുസൃതമായി ഇശലുകള്‍ തീര്‍ക്കുന്നതില്‍ മാപ്പിളപ്പാട്ടുകവികള്‍ വൈദഗ്ദ്ധ്യം കാട്ടി.

ഒരേ വൃത്തത്തില്‍ തന്നെ പുതിയ ചരണങ്ങളും തുണ്ടുകളും കൂട്ടിച്ചേര്‍ത്താണ് പുതിയവ ഉണ്ടാക്കിയത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടില്‍ 102 ഉം ഉഹദു പടപ്പാട്ടില്‍ 109 ഉം ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലില്‍ 85ഉം മലപ്പുറം പടപ്പാട്ടില്‍ 70 ഉം ഇശലുകളും ഉപയോഗിച്ചു.

കേരളത്തിന് അറബികളുമായുണ്ടായ സമ്പര്‍ക്കത്തിനിടയില്‍ കൈവന്ന സാമൂഹിക ആദാന പ്രദാനങ്ങളുടെ പരിണതിയാണ് അറബിമലയാളം. അറബിമലയാളത്തെക്കുറിച്ചുള്ള അന്വേഷണമേതും ഒടുവില്‍ ചെന്നെത്തുന്നത് കേരളത്തിലെ അറബ് സന്നിവേശമെന്ന ആണിക്കല്ലിലായിരിക്കും.

മാപ്പിളപ്പാട്ടുകളുടെ താളവും വൃത്തവും ഇതരഗാനരീതികള്‍ക്ക് സമാനം തന്നെയാണ്. ശ്രീ വി. എം. കുട്ടി എഴുതുന്നു: ‘സമാനവൃത്തങ്ങളിലാണെങ്കില്‍ പോലും മാപ്പിളപ്പാട്ടുകളാണെന്ന് തീരുമാനിക്കണമെങ്കില്‍ അവ പാടിക്കേള്‍ക്കുക തന്നെ വേണം. മാപ്പിളപ്പാട്ടിന് തനതായ ഒരീണമുണ്ട്, മാപ്പിളപ്പാട്ടുകളില്‍ പ്രയോഗിക്കുന്ന പദങ്ങള്‍ അധികവും മാപ്പിള വാമൊഴിതന്നെയായിരിക്കും’

വി. എം. കുട്ടി

ഗായകന്മാരിലൂടെയാണ് മാപ്പിളപ്പാട്ടിലൂടെ സാക്ഷാത്കാരമടയുന്നത്. മലബാറിലെ മുസ്ലീമുകളാണ് ഈ പാട്ടുകാരെന്ന് പൊതുവെ പറയുന്നുവെങ്കിലും, കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും, നാനാജാതിമതങ്ങളില്‍നിന്നും മാപ്പിളപ്പാട്ടുകാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത് മാപ്പിളപ്പാട്ടിന് പിന്നീട് കൈവന്ന ജനകീയതയുടെ സ്വാധീനം കാരണമാണ്.

മാപ്പിളപ്പാട്ടിന്റെ തനതായതും ആരെ ആകര്‍ഷിക്കുന്നതുമായ ഇശല്‍-താള മാതൃകകളാണ് മാപ്പിളപ്പാട്ടിനെ ഒരു ജനകീയകാവ്യരൂപമാക്കി നിലനിര്‍ത്തുന്നത്. പ്രാസവും താളവുമുള്ള വരികളാണ് സാധാരണ മാപ്പിളപ്പാട്ടുകള്‍ക്കുള്ളത്. ശബ്ദസൗന്ദര്യത്തിലാണ് അതിന്റെ ഊന്നല്‍. കമ്പി, കൊമ്പ്, കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മക്കമ്പി, ചിറ്റെഴുത്ത് എന്നിങ്ങനെ പലതാണ് വൃത്ത-താളനിയമങ്ങള്‍. ഇത് പോലെ ശബ്ദാര്‍ത്ഥാലങ്കാരനിയമങ്ങളുമുണ്ട്.

മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകള്‍

അമ്പതുകളില്‍ മലയാള സാഹിത്യരംഗത്തുണ്ടായ ഉണര്‍വ്വും മാപ്പിളപ്പാട്ടിന് കൈവന്ന സ്വീകാര്യതയും ഒത്തുചേര്‍ന്നതോടെയാണ് മലയാള സിനിമയില്‍ മാപ്പിളപ്പാട്ടിന്റെ വിത്തെറിയപ്പെടുന്നത്. അമ്പതുകളില്‍ തന്നെയാണ് ചെറുപ്പക്കാരും പ്രതിഭാശാലികളായ നിരവധി എഴുത്തുകാരും സിനിമയുമായും ബന്ധപ്പെടുന്നത്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സ് എന്ന അറിയപ്പെടുന്ന നിര്‍മ്മാണ കമ്പനിയുടെ സാരഥി ടി.കെ പരീക്കുട്ടി ഒരു സംഘം പ്രതിഭാശാലികളെ ഒന്നിപ്പിച്ച് സിനിമയില്‍ സഹകരിപ്പിച്ചതോടെ കലാമൂല്യമുള്ള ചിത്രങ്ങളുടെ പിറവിക്ക് തുടക്കമിട്ടു.

അങ്ങനെ 1952 ജനുവരി ഒമ്പതിന് പുറത്തിറങ്ങിയ അമ്മയിലാണ് മലയാള സിനിമയിലെ ആദ്യത്തെ മാപ്പിളപ്പാട്ട് പ്രത്യക്ഷപ്പെടുന്നത്.

ചുരുക്കത്തില്‍ രണ്ടുദിനം കൊണ്ടാനാട്ടിലെ
കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം
ഞെട്ടണം ആ മദിരാശിപ്പട്ടണത്തില്‍
ചെന്നുപെട്ടാല്‍ കാറുകളനവധി ജോറില്‍ പായുന്നു ഒട്ടേറെകൂറ്റന്‍
ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നു.

എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് പി ഭാസ്‌കരന്‍, കഥാ നായകനായ വേണു ബാങ്ക് ജോലി കിട്ടി മദ്രാസിലെത്തുമ്പോള്‍ കാണുന്ന നഗര കാഴ്ചകള്‍ വരച്ചിടുന്നത്. വി. ദക്ഷിണാ മൂര്‍ത്തി സംഗീതം നല്‍കി ബാലകൃഷ്ണമേനോന്‍ പാടിയ ഈ ഗാനത്തില്‍ വേണ്ടത്ര മാപ്പിള/ അറബി മലയാള പദങ്ങളോ ഇല്ലെങ്കില്‍ കൂടി പി. ഭാസ്‌കരന്റെ രചനാ ശൈലിയും, വി. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതവും ചേര്‍ന്നപ്പോള്‍ ഈ ഗാനം ഒരു മാപ്പിളപ്പാട്ടിന്റെ ശൈലിയിലേക്ക് രൂപാന്തരം പ്രാപിച്ചു.

കര്‍ണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീതസംവിധായകനുമായ വി. ദക്ഷിണാമൂര്‍ത്തി ഈണമിട്ട ആദ്യത്തെയും അപൂര്‍വ്വം ചിലതിലൊന്നുമായ മാപ്പിളപ്പാട്ടുകൂടിയാണിതെന്ന സവിശേഷതയും ഈ ഗാനത്തിനുണ്ട്. ഇതേ സിനിമയില്‍ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച മറ്റു ഗാനങ്ങളെല്ലാം ഹിന്ദി ഗാനങ്ങളുടെ തനിപ്പകര്‍പ്പായിരുന്നു എന്നിരിക്കെ ഈ ഗാനം വ്യത്യസ്ത പുലര്‍ത്തി.

തുടര്‍ന്നാണ് നീലക്കുയിലിലൂടെ രണ്ടാമതൊരു മാപ്പിളപ്പാട്ട് പുറത്തിറങ്ങുന്നതും അത് ജനകീയമാകുന്നതും. 1952 ല്‍ അമ്മയില്‍ തുടങ്ങിയ മാപ്പിളപ്പാട്ടുള്ള മലയാള ചലചിത്രങ്ങളുടെ ചരിത്രം 2024 ല്‍ എത്തുമ്പോള്‍, പുറത്തിറങ്ങിയ ഏഴായിരത്തോളം സിനിമകളില്‍ മൂന്നൂറോളം സിനിമകളിലായി അഞ്ഞൂറോളം മാപ്പിളപ്പാട്ടുകള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ.


(‘മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകളിലൂടെയുള്ള മാപ്പിള സംസ്‌കാര ചിത്രീകരണം’ എന്ന വിഷയത്തില്‍ പുനെ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയിലെ ഗവേഷ പ്രബന്ധത്തില്‍ നിന്നും)

ചിത്രങ്ങള്‍ വരച്ചത്: ഫാത്തിമത്തുല്‍ മര്‍ഹമ


content highlights: Neelakkuyil movie made Mappilapattu more popular

ഗോപകുമാര്‍ പൂക്കോട്ടൂര്‍
ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, തിരുനല്‍വേലി.