മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുനില്‍ക്കുന്ന കാഴ്ച തേടിയുള്ള ആ കാല്‍നടയാത്ര അനുഭവിച്ചുതന്നെ അറിയണം. ഒരു വ്യാഴവട്ടകാലത്തെ വസന്തത്തിനൊപ്പമെത്താഞ്ഞിട്ടോ അതോ പിണങ്ങിപ്പോയിട്ടോ ആവാം മഞ്ഞുവീഴുന്ന ഷോളയൂര്‍ മലനിരകളില്‍ ഇപ്പോള്‍ കുറിഞ്ഞിച്ചെടികള്‍ പൂവിട്ടിരിക്കുന്നത്. സീസണ്‍ കൂടി വന്നണയുമ്പോഴുള്ള താഴ്വരയുടെ ഭംഗി പറഞ്ഞറിയിക്കാന്‍ കഴിയില്ല. പൂവില്‍നിന്നും പൂവിലേക്കുള്ള വണ്ടുകളുടെ പ്രവാഹം മനം നിറയ്ക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്.
നീലയും വെള്ളയും നിറത്തിലുള്ള കുറിഞ്ഞിച്ചെടികള്‍ ഇടകലര്‍ന്നാണ് പൂവിട്ടിരിക്കുന്നത്. അട്ടപ്പാടിയിലും നീലക്കുറിഞ്ഞി പൂക്കും എന്നത് ഇപ്പോഴും പലര്‍ക്കും പുതിയ അറിവാണ്. ഈ താഴ്‌വരകളില്‍ കുറിഞ്ഞി പൂക്കുന്നത് സമീപ പ്രദേശങ്ങളിലെ ആളുകള്‍ മാത്രമാണ് പലപ്പോഴും അറിയുന്നത്.
ഷോളയൂരിനിന്നും പതിമൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ആദിവാസി ഊരിലെത്തണം. അവിടെനിന്നും രണ്ടര മണിക്കൂര്‍ കാട്ടിലൂടെ കാല്‍നടയായി സഞ്ചരിച്ച് കുന്ന് കയറിയെത്തിയാല്‍ കുറിഞ്ഞി പൂവിട്ടുനില്‍ക്കുന്ന താഴ്‌വരയിലെത്താം. പക്ഷെ, തടസ്സങ്ങളും ഏറെയാണ്.
മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് ആളുകളെ കടത്തിവിടാത്ത താഴ്‌വരകൂടിയാണിത്. മിക്ക സമയങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാവലുണ്ടാകും. ഇക്കാരണം കൊണ്ടുതന്നെയാണ് പ്രധാനമായും സഞ്ചാരികള്‍ക്ക് ഇവിടെയെത്തിപ്പെടാന്‍ തടസ്സമാകുന്നത്.
തീര്‍ന്നില്ല, കാല്‍നടയായി സഞ്ചരിക്കേണ്ട കാട്ടില്‍ ആന, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും ഏറെയാണ്. ഇവയെല്ലാം പിന്നിട്ട് താഴ്‌വരയിലെത്തിയാല്‍ കാണാന്‍ കുന്നോളമുണ്ട് കാഴ്ചകള്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ഇവിടെനിന്നും പാലക്കാടിന്റെയും തമിഴ്‌നാട് ഗ്രാമങ്ങളുടെയും വിദൂര ദൃശ്യങ്ങള്‍ മനോഹര കാഴ്ചയാണ്.
മണ്ണാര്‍ക്കാട് നിന്നും ബസ് മാര്‍ഗ്ഗം കേരള-തമിഴ്‌നാട് ബോര്‍ഡറായ ആനക്കട്ടിയിലെത്താം. അവിടെനിന്നും ഷോളയൂര്‍ ബസ്സില്‍… റോഡിന്റെ ഇരു ഭാഗങ്ങളും ഏറെയും കാടും താഴ്‌വരകളുമാണ്. കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം. ആനകളുടെ സാന്നിദ്ധ്യത്തെ അറിയിക്കുന്ന സൂചനാ ബോര്‍ഡുകള്‍ വഴിയില്‍ വിവിധ ഇടത്ത് കാണാം. രാത്രികാല യാത്ര തീര്‍ത്തും അപകടകരമാണ്. എന്നിരുന്നാലും കാഴ്ചകള്‍ ഭംഗിയാര്‍ന്നതാണ്.
ഷോളയൂരില്‍നിന്നാണ് മരുതനെ കൂട്ടിന് കിട്ടുന്നത്. അതിര്‍ത്തി ഗ്രാമത്തിലാണ് വീട്. ഷോളയൂരില്‍നിന്നും ജീപ്പ് മാര്‍ഗ്ഗം ആദിവാസി ഊരിലെത്തി. അവിടെനിന്നും തുടങ്ങുന്ന കാല്‍നടയാത്രയില്‍ പലപ്പോഴും അപകടം പതിയിരിക്കുന്ന ചെങ്കുത്തായ പാറകളും താണ്ടേണ്ടതുണ്ട്.
അറുപത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന മരുതന് യാത്രയില്‍ പതിനാറുകാരന്റെ ഉണര്‍വ്വാണ് സദാസമയവും. ആട് മാടുകളെ വാങ്ങിച്ച് മറിച്ചു വില്‍പ്പനയാണ് ഉപജീവനം. പറയുന്ന ഓരോ കാര്യങ്ങളും വ്യക്തം. യാത്രയില്‍ ഉടനീളം താഴ്വരയുടെ ഭൂതകാലവും വര്‍ത്തമാനവും വിവരിച്ചുകൊണ്ടിരുന്നു.
യാത്രയുടെ തുടക്കത്തില്‍ ഒന്നുരണ്ട് കാലി മേയ്ക്കുന്നവരെ കണ്ടു. തുടര്‍ന്നങ്ങോട്ട് മനുഷ്യ സാന്നിദ്ധ്യമില്ല. കുടിക്കാന്‍ ബാഗില്‍ വെള്ളം കരുതിയെങ്കിലും കാട്ടിനുള്ളില്‍ കണ്ട നീരുറവയിലെ തെളിനീര്‍ കൈക്കുമ്പിളിലെടുത്ത് വയറുനിറച്ചു…
തുടര്‍ന്ന് ആനയുടെ സാന്നിദ്ധ്യമില്ലെന്ന് മണംകൊണ്ട് ഉറപ്പുവരുത്തി. എന്നാലും ആനപ്പിണ്ടം പലയിടങ്ങളിലും കണ്ടത് ഉള്ളില്‍ അല്‍പം ഭയം നിറച്ചു. യാത്രയില്‍ ഒരിടത്ത് കണ്ട, കരടി തീര്‍ത്ത കുഴിയും മുന്നോട്ടുള്ള യാത്രയില്‍ ഭയത്തെ കൂടെക്കൂട്ടി. ഒരുവേള, തിരിച്ചുപോകാം എന്നറിയിച്ചപ്പോള്‍ അതെല്ലാം നിസാരമായി തള്ളി മുന്നോട്ടുള്ള യാത്രയ്ക്ക് ഉണര്‍വ്വേകി മാരന്‍.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍നിന്നും കുടിയേറിവന്ന ഒരു ആദിവാസിവിഭാഗത്തിന്റെ സാംസ്‌കാരിക ശേഷിപ്പുകളും കാണാനായി. പിന്നെയും ഏറെ വഴികള്‍ താണ്ടിയെത്തുമ്പോള്‍ കുറിഞ്ഞിച്ചെടികള്‍ കണ്ടുതുടങ്ങുകയായി. കണ്ണെത്തായിടത്തോളം പ്രദേശത്താണ് കുറിഞ്ഞിച്ചെടികള്‍ പൂവിട്ടും അടുത്ത വസന്തത്തെ കാത്തും മഞ്ഞില്‍ ആടിയുലയുന്നത്. ചുറ്റും നീല മലകള്‍. അതിശയിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഈയിടത്ത് ഒരു മനുഷ്യ സാന്നിദ്ധ്യംപോലും ഇല്ലാത്തത് ഏറെ അത്ഭുതവും നഷ്ടവും തോന്നിപ്പിച്ചു.
സെല്‍ഫി പോയിന്റുകള്‍ക്ക് ഇണങ്ങുന്ന വലിയ പാറകള്‍ യുവാക്കളുടെ യാത്രാ ഭ്രാന്തിനെയാണ് ഓര്‍മ്മിപ്പിച്ചത്. താഴ്‌വരകള്‍ക്ക് ഒരു ഭാഗത്തായി വലിയ ഗുഹകള്‍ കാണാം. അവയില്‍ നിറയെ തേനറകളാണത്രെ! പക്ഷെ, അവ എടുക്കുക അസാധ്യമാണ്.
വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഏറെ നേരം വിദൂര കാഴ്ചകളും കുറിഞ്ഞി വസന്തവും നുകര്‍ന്ന ശേഷം തിരിച്ചുള്ള ഇറക്കം തുടങ്ങി. കാലത്ത് വന്ന ജീപ്പ് ഞങ്ങളെയും കാത്ത് ഊരിനു മുന്നില്‍ കിടക്കുന്നു. വൈകുന്നേരത്തോടെ ഷോളയൂരില്‍ എത്തുമ്പോഴും ഒരു നടത്തത്തിനുള്ള എനര്‍ജി മരുതനില്‍ ഇനിയും ബാക്കിയാണെന്ന് തോന്നിപ്പിച്ചു.
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു. വാര്‍ത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ നടത്തിയ യാത്രക്കിടെ തയ്യാറാക്കിയതാണ് ഈ കുറിപ്പ്.