[]കോഴിക്കോട്: 34 കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ സൗജ്യന്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് 165 ഇനങ്ങളെ ഒഴിവാക്കി. ഇത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാനത്തെ 1500 ഓളം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വിതരണംചെയ്യേണ്ട മരുന്നുകളാണ്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 936 ഇനം മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തിരുന്നെങ്കില്‍ 2014-15 വര്‍ഷത്തേക്കുള്ള പട്ടികയില്‍ 771 മരുന്നുകളാണ് ഉള്ളത്.
നിലവില്‍ ലിസ്റ്റിനുപുറത്തുള്ള മരുന്നുകള്‍ക്ക് വിപണിയില്‍ സാധാരണക്കാരന് താങ്ങാനാകാത്ത വിലയാണ് കമ്പനികള്‍ ചുമത്തുന്നത്. എന്നാല്‍ സൗജന്യമായി ലഭിച്ചിരുന്ന പലമരുന്നുകളും പുതുതായി പട്ടികയില്‍ നിന്ന് പുറത്താകുന്നതോടെ അവയുടെ വിലയിലും വര്‍ധനയുണ്ടാകും.
പുതിയ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത പ്രധാന മരുന്നുകള്‍ കാന്‍സറിനുള്ള മരുന്നുകളായ അമിഫോസ്‌റ്റൈന്‍, ബെന്‍ഡമുസ്‌റ്റൈന്‍, ക്‌ളാഡ്രിബിന്‍ തുടങ്ങിയ ഇഞ്ചക്ഷനുകളും ലെപാറ്റിനിബ്, സുനിറ്റിനിബ് മുതലായ കാപ്‌സ്യൂളുകളും ആണ്.
കുട്ടികളുടെ അലര്‍ജിക്ക് നല്‍കുന്ന സിറപ്പും മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ലെവോസിട്രിസിന്‍ ഗുളികയും ഒഴിവാക്കിയിട്ടുണ്ട്.
വ്രണങ്ങളില്‍ പുരട്ടുന്ന അസ്‌ക്ലോവിര്‍ സ്‌കിന്‍ ക്രീം, മുറിവുണങ്ങുന്നതിനുള്ള ഓയിന്‍മെന്റായ നിയോമൈസിന്‍ബാസിട്രസിന്‍ പോളിമിക്‌സിന്‍, ശ്വാസംമുട്ടിനും നീര്‍കെട്ടിനും ഉള്ള പ്രഡ്‌നിസോളന്‍ ടാബ്ലറ്റ് എന്നിവയും ഒഴിവാക്കപ്പെട്ടവയില്‍ പ്രധാനമാണ്.
ഒരുവര്‍ഷത്തേക്കുള്ള അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കുന്നതിനായി കുറഞ്ഞത് 15 ദിവസമെങ്കിലും നിര്‍ബന്ധമാണ്. എന്നാല്‍ 2014-15 വര്‍ഷത്തേക്കുള്ള മരുന്നുകളുടെ പട്ടിക തയ്യാറാക്കാനായി അനുവദിക്കപ്പെട്ടത് വെറും രണ്ട് ദിവസമായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, പി.ജി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയാണ് മരുന്ന് പട്ടിക തയ്യാറാക്കേണ്ടത് എന്നാണ് ഡി.എം.ഇയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പട്ടിക തയ്യാറാക്കിയത് മെഡിക്കല്‍ കോളജ് അധ്യാപകരെ മാത്രം ഉള്‍പ്പെടുത്തിയാണെന്ന് ആരോപണമുണ്ട്.