ന്യൂദല്‍ഹി: സൈന്യത്തെ എതിര്‍ക്കാന്‍ നില്‍ക്കരുതെന്ന് കശ്മീരി യുവാക്കളോട് സൈനിക മേധാവി ബിപിന്‍ റാവത്ത്. സ്വാതന്ത്ര്യം ലഭിക്കില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കശ്മീരി യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി.
“തോക്കും നല്‍കിക്കൊണ്ട് ഇതുവഴി സ്വാതന്ത്ര്യം ലഭിക്കുമെന്ന് അവരോട് പറയുന്നവര്‍ അവരെ വഴിതെറ്റിക്കുകയാണ്. ” റാവത്ത് പറഞ്ഞു. “കശ്മീരി യുവാക്കളോട് പറയാനുള്ളത് സ്വാതന്ത്ര്യം സാധ്യമല്ല എന്നാണ്. അത് സംഭവിക്കില്ല. എന്തിനാണ് നിങ്ങള്‍ ആയുധമെടുക്കുന്നത്? സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഞങ്ങള്‍ എല്ലായ്‌പ്പോഴും പൊരുതും. സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കില്ല. ഒരിക്കലും” എന്നാണ് അദ്ദേഹം പറഞ്ഞത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നതിന് താനൊരു പ്രാധാന്യവും നല്‍കാറില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ” ഈ എണ്ണം എന്നെ സംബന്ധിച്ച് ഒരു വിഷയമേയല്ല. കാരണം എനിക്കറിയാം, ഈ സൈക്കിള്‍ തുടരുമെന്ന്. ഇപ്പോള്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുണ്ട്. ഇതെല്ലാം വെറും പാഴ്ശ്രമമാണെന്നാണ് എനിക്കു പറയാനുള്ളത്. അവരൊന്നും നേടാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് സൈന്യത്തോട് പൊരുതാനാവില്ല.” എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ തങ്ങളോട് എതിരിട്ടാല്‍ മുഴുവന്‍ സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറയുന്നു. “ആക്രമിക്കല്‍ ഞങ്ങള്‍ ആസ്വദിക്കുന്നില്ല. പക്ഷേ നിങ്ങള്‍ ഞങ്ങളുമായി പൊരുതുകയാണെങ്കില്‍ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് ഞങ്ങള്‍ പോരാടും. സുരക്ഷാ സേന അത്ര ക്രൂരരല്ല എന്ന് കശ്മീരികള്‍ മനസിലാക്കണം. സിറിയയിലേക്കും പാകിസ്ഥാനിലേക്കും നോക്കൂ. അവര്‍ ടാങ്കുകളും, വ്യോമാക്രമണവും നടത്തുന്നു. വലിയ പ്രകോപനമുണ്ടായിട്ടും പൗരന്മാര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാനാണ് ഞങ്ങളുടെ സൈന്യം ശ്രമിച്ചിട്ടുള്ളത്.” അദ്ദേഹം ന്യായീകരിക്കുന്നു.