| Friday, 26th August 2016, 1:42 pm

കാലഹണ്ടി അടുത്താണ്, അട്ടപ്പാടി ദൂരെയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുരന്തങ്ങള്‍ നമുക്ക് കൗതുകവാര്‍ത്തകള്‍ ആണ്. ആദിവാസി മേഖലയുടെ പ്രശ്‌നങ്ങളെ ലോകത്ത് എവിടെയും എന്നത് പോലെ നമ്മുടെ നാട്ടിലും സംഭവങ്ങള്‍ ആയി ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രക്രിയ ആയല്ല. മരണമോ ദുരന്തമോ ആണ് വാര്‍ത്ത. അവയിലേക്കു നയിക്കുന്ന പ്രക്രിയ അല്ല. ഭൂമിയും ഉപജീവനവും നഷ്ടമാകുന്നത് വാര്‍ത്ത അല്ല. അവര്‍ ദരിദ്രരും നിസ്വരും നിരാലംബരും ആകുന്നത് എന്ത് കൊണ്ട് എന്നും ആര് കാരണം എന്നതും വാര്‍ത്ത അല്ല.

|എഫ്.ബി നോട്ടിഫിക്കേഷന്‍: കെ.എ ഷാജി|

കോയമ്പത്തൂരിലെ സര്‍ക്കാര്‍ വക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഇട്ട് രണ്ടു ബസ് മാറികയറി വീട്ടില്‍ എത്തിയ ആദിവാസി മാതാപിതാക്കള്‍ ഉള്ള അട്ടപ്പാടി ഒറീസയില്‍ അല്ല. ഈ കേരളത്തില്‍ തന്നെയാണ്.

സ്ഥലത്തുള്ള ഡോക്ടര്‍ അവഗണിച്ചതിനാല്‍ കോഴിക്കോടിനുള്ള ആംബുലന്‍സ് യാത്രയില്‍ പ്രസവിച്ച വയനാട്ടിലെ ആദിവാസി യുവതിയുടെ തുടര്‍ ദുരന്തങ്ങളും നമ്മള്‍ അറിഞ്ഞു. വായിച്ചു. രോക്ഷം കൊണ്ടു. നമ്മള്‍ ഇങ്ങനെയാണ്. ഞെട്ടാനും രോക്ഷം കൊള്ളാനും നമുക്ക് ഇടയ്ക്ക് പട്ടിണി മരണങ്ങള്‍ വേണം.

പോഷകാഹാരം ഇല്ലാതെ കുട്ടികള്‍ മരിക്കണം. ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് കിലോമീറ്ററുകള്‍ നടക്കണം. അതിന്നിടയിലും ആദിവാസി ക്ഷേമത്തിനുള്ള ഫണ്ടുകള്‍ നമ്മുടെ ഉദ്യോഗസ്ഥരാഷ്ട്രീയകോണ്‍ട്രാക്ടര്‍ അച്ചുതണ്ട് വെട്ടിച്ചു കൊണ്ടിരിക്കും. ഒന്നും രണ്ടും രൂപയല്ല. കോടികള്‍.

അട്ടപ്പാടിയില്‍ ഉള്ള പതിനായിരത്തില്‍ താഴെ ആദിവാസി കുടുംബങ്ങള്‍ക്ക് വേണ്ടി ഭാവിയില്‍ ചെലവിടാന്‍ ഇരിക്കുന്ന കോടികളില്‍ അരക്കോടി വീതം ഫിക്‌സഡ് ഡിപ്പോസിറ്റ് ബാങ്കില്‍ ഇട്ടു കൊടുത്താല്‍ പലിശ കൊണ്ട് അവര്‍ ജീവിച്ചോളും. നമ്മള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഒറീസ സംഭവം ചിലര്‍ നേട്ടമാക്കും. കേരളത്തിലെ എല്ലാ ആദിവാസി കോളനികള്‍ക്കും ഓരോ ആംബുലന്‍സ് വാങ്ങിക്കൊടുത്ത് ഫണ്ട് വെട്ടിക്കും. പിന്നെ ആ വണ്ടികള്‍ കട്ടപ്പുറത്ത് കയറും. കുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചപ്പോള്‍ ആദിവാസി മേഖലയില്‍ റോഡ് ഇല്ല എന്ന് വാര്‍ത്ത എഴുതിയപ്പോള്‍ ആണ് അപകടം മനസ്സിലായത്. ഒരു കോളനിയിലേക്ക് ആറു റോഡുകള്‍ വരെ. ഇനി ആശുപത്രിയില്‍ പോകാന്‍ ഏത് റോഡ് തിരഞ്ഞെടുക്കും എന്ന കണ്‍ഫ്യൂഷന്‍ ആണ് ആദിവാസികള്‍ക്ക്. റോഡ് വെട്ടല്‍ ആണ് രസം. സമീപത്തുള്ള എല്ലാ കയ്യേറ്റക്കാര്‍ക്കും ഗുണം കിട്ടും വിധം അതിന്റെ അലൈന്‍മെന്റ് മാറ്റികൊണ്ടിരിക്കും. വളഞ്ഞു മൂക്കില്‍ പിടിക്കും പോലെ.

ദുരന്തങ്ങള്‍ നമുക്ക് കൗതുകവാര്‍ത്തകള്‍ ആണ്. ആദിവാസി മേഖലയുടെ പ്രശ്‌നങ്ങളെ ലോകത്ത് എവിടെയും എന്നത് പോലെ നമ്മുടെ നാട്ടിലും സംഭവങ്ങള്‍ ആയി ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രക്രിയ ആയല്ല. മരണമോ ദുരന്തമോ ആണ് വാര്‍ത്ത. അവയിലേക്കു നയിക്കുന്ന പ്രക്രിയ അല്ല. ഭൂമിയും ഉപജീവനവും നഷ്ടമാകുന്നത് വാര്‍ത്ത അല്ല. അവര്‍ ദരിദ്രരും നിസ്വരും നിരാലംബരും ആകുന്നത് എന്ത് കൊണ്ട് എന്നും ആര് കാരണം എന്നതും വാര്‍ത്ത അല്ല.
കാലഹണ്ടി അടുത്താണ്. അട്ടപ്പാടി ദൂരെയാണ്.

We use cookies to give you the best possible experience. Learn more