കൊല്‍ക്കത്ത: ബി.ജെ.പിക്ക് വളരാന്‍ വേണ്ടി മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആളുകളെ എത്തിക്കുമെന്ന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആളുകളെ എടുത്തില്ലെങ്കില്‍ തങ്ങളെങ്ങനെയാണ് വളരുക എന്നാണ് ദിലീപ് ഘോഷ് ചോദിച്ചത്. ബംഗാളില്‍ പാര്‍ട്ടി നാള്‍ക്കുനാള്‍ വളരുകയാണെന്നും തൃണമൂല്‍കോണ്‍ഗ്രസില്‍ നിന്ന് ഉള്‍പ്പെടെയെുള്ളവര്‍ ബി.ജെ.പിയിലേക്ക് വരികയാണെന്നും ഘോഷ് പറഞ്ഞു.
” പശ്ചിമ ബംഗാളില്‍ വളര്‍ന്നുവരുന്ന ശക്തിയാണ് ബി.ജെ.പി. ഓരോ ദിവസം കഴിയുന്തോറും ഞങ്ങളുടെ സംഘടന ശക്തിപ്പെടുന്നു. ടി.എം.സി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ഞങ്ങളോടൊപ്പം ചേരുന്നു. മറ്റ് സംഘടനകളില്‍ നിന്നുള്ള ആളുകളെ ഞങ്ങള്‍ എടുക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ എങ്ങനെ വളരും? ആരാണ് ക്യാമ്പില്‍ ചേരുന്നതെന്ന് പ്രശ്‌നമല്ല, എല്ലാവരും പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ആരും പാര്‍ട്ടിക്ക് മുകളിലല്ല, ” ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂലില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നത് പാര്‍ട്ടിക്ക് വലിയ തലവേദന ഉണ്ടാക്കിയിരിക്കുകയാണ്.
മമതാ ബാനര്‍ജിയുടെ വലംകയ്യായ സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയിലെത്തിയത് തൃണമൂലിന് കനത്ത തിരിച്ചടിയായിരുന്നു.
സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്ക് പോകാം എന്ന നിലപാടാണ് മമത ബാനര്‍ജി സ്വീകരിച്ചത്. ബംഗാളില്‍ അധികാരത്തുടര്‍ച്ച ഉണ്ടാകുമെന്നുതന്നെയാണ് തൃണമൂലിന്റെ വാദം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക