ഈ രാജ്യത്തിന്റെ അടിത്തറ തന്നെ തകര്‍ത്ത ഒരു സര്‍ക്കാരിനെതിരെ നിലകൊള്ളാനും മറ്റുള്ളവരെ നിലകൊള്ളാന്‍ പ്രചോദിപ്പിക്കാനും കോണ്‍ഗ്രസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമാകുന്നതിനിടെയാണ് സിബലിന്റെ പ്രതികരണം. കത്തില്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളിലും കപില്‍ സിബല്‍ ഉറച്ചു നില്‍ക്കുകയാണ്.
പാര്‍ട്ടിയുടെ ഭരണഘടനയെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും കോണ്‍ഗ്രസിനകത്ത് ഇല്ലാത്തതും പുനഃസ്ഥാപിക്കേണ്ടതുമായ വിവിധ ഘടനകളെക്കുറിച്ച് കത്തില്‍ പറഞ്ഞിട്ടുണ്ടെന്നും സിബല്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളേണ്ടതുപോലെ, പാര്‍ട്ടിയുടെ ഭരണഘടനയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും സിബല്‍ പറഞ്ഞു.
കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ നടന്ന തര്‍ക്കങ്ങള്‍ നിരാശപ്പെടുത്തിയെന്നും സിബല്‍ തുറന്നുപറഞ്ഞു. കത്തില്‍ ഒപ്പിട്ട നേതാക്കള്‍ക്കെതിരെ ഉപയോഗിച്ച പദങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു.
കത്തില്‍ ഒപ്പിട്ടവരെ ‘രാജ്യദ്രോഹികള്‍’ എന്ന് ടാഗുചെയ്യുന്നതിനുമുമ്പ്, കത്തിന്റെ ഉള്ളടക്കം എല്ലാവരിലേക്കും എത്തിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതുമാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്‌ക്കാര ശൂന്യമായ ഒരു വാക്ക് പോലും കത്തില്‍ ഉപയോഗിച്ചിട്ടില്ലല്ലെന്നു പറഞ്ഞ സിബല്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന സംഘടനയുടെ യോഗത്തില്‍ മര്യാദ ഇല്ലാത്ത ഭാഷ അനുവദിച്ചത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.
കത്ത് നല്‍കിയതിന് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്ന് ജിതിന്‍ പ്രസാദയുടെ കാര്യം ചൂണ്ടിക്കാട്ടി സിബല്‍ പറഞ്ഞു.
കത്തയച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജിതിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നിരുന്നു.
കോണ്‍ഗ്രസിനകത്ത് ഉള്‍പ്പാര്‍ട്ടി പോരിന് വഴിയൊരുക്കിയ കത്ത് വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി നേരത്തെ തന്നെ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു.
ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി തങ്ങള്‍ ഒരു കത്തെഴുതിയെന്നും പാര്‍ട്ടി ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണ്, പുനരുജ്ജീവന പദ്ധതിയാണ് കാലത്തിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടിയുടെ പുനരുജ്ജീവനത്തില്‍ പങ്കാളികളാകാനാണ് തങ്ങല്‍ ആഗ്രഹിക്കുന്നതെന്നും ആളുകള്‍ കത്ത് വായിച്ചിട്ടുണ്ടാവില്ലെന്നും അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് മനസ്സിലാവുമായിരുന്നു ഇത് ആരെയും താഴ്ത്തിക്കെട്ടാനോ ഗാന്ധി കുടുംബത്തെ കളങ്കപ്പെടുത്താനോ അല്ലെന്ന് അവര്‍ക്ക് മനസ്സിലാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേതൃത്വത്തെ പ്രശംസിക്കുകയും അവരുടെ സംഭാവനകളെ വിലമതിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷേ നമുക്ക് മാറ്റങ്ങളും ആവശ്യമാണ്, ”സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. കപില്‍ സിബലിന് പുറമെ ഗുലാം നബി ആസാദ്, ശശിതരൂര്‍, തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം പാര്‍ട്ടിക്കകത്തു നിന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു.
പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.
പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക