തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന്‍ തയ്യാറാണെന്ന് സൂചന നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ട് വന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് തിരുത്തില്ലെന്നുറച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് പക്ഷത്തെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങളുടേത് പഴയ നിലപാട് തന്നെയാണെന്ന് കാനം രാജേന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.
നേരത്തെ കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിനെ നേരിട്ട് കടന്നാക്രമിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
ജോസ് പക്ഷത്തെ എല്‍.ഡി.എഫില്‍ വേണ്ട. സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. വരികയും പോകുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും ജോസ് പക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം നേരത്തെ പ്രതികരണം നടത്തിയിരുന്നു.
തങ്ങളുടെ മുന്‍നിലപാടില്‍ നിന്നും ഇപ്പോഴും മാറ്റമില്ലെന്ന് തന്നെയാണ് കാനം കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പുറത്തുവന്ന സാഹചര്യത്തിലും വ്യക്തമാക്കിയത്. യു.ഡി.എഫ് വിട്ട് പുറത്ത് വരുന്ന കക്ഷിയുടെ സമീപനവും രാഷ്ട്രീയ നിലപാടും നോക്കി നിലപാട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
സി.പി.ഐ.എം രാഷ്ട്രീയ പരമായും സംഘടനാപരമായും കെട്ടുറപ്പുള്ള പാര്‍ട്ടിയാണെന്നും യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തില്‍ പങ്കാളിയാകാനില്ലെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.
”എല്‍.ഡി.എഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യു.ഡി.എഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തില്‍ എല്‍.ഡി.എഫോ സി.പി.ഐ എമ്മോ കക്ഷിയാകില്ല,’ കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക