| Tuesday, 11th August 2020, 9:09 pm

റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണം: ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന. റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു.

‘എല്ലാ വാക്‌സിനുകളുടേയും ഫലവും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തേണ്ടതുണ്ട്.’, തരീക് പറഞ്ഞു.

നേരത്തെ കൊവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് കൊവിഡ് വാക്സിന്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പുട്‌നിക് 5 എന്നാണ് വാക്‌സിന് റഷ്യ പേര് നല്‍കിയിരിക്കുന്നത്.

തന്റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു.

വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗ്സറ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേ സമയം റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണം ഘട്ടം പൂര്‍ണമായ പൂര്‍ത്തിയിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്ന് നേരത്തെ ചില ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസേര്‍ച്ച് ഇന്ഡസ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russia Covid 19 Vaccine Sputnik 5 WHO

We use cookies to give you the best possible experience. Learn more