മഹാഭാരതം സിനിമ ആരംഭിക്കാന്‍ ആര്‍.എസ്.എസിന്റെ അനുവാദം വേണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി. തിരക്കഥാകൃത്തിനെ നിശ്ചയിക്കാന്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബി.ആര്‍ ഷെട്ടി പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അനുയോജ്യമായ തിരക്കഥ മാത്രമാണ് ഇപ്പോള്‍ തേടുന്നതെന്നും ഷെട്ടി പറഞ്ഞു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയ ചിത്രം ‘പി.എം നരേന്ദ്ര മോദി’യുടെ പ്രമോഷനായി ഗള്‍ഫിലെത്തിയതായിരുന്നു ബി.ആര്‍ ഷെട്ടി. ചിത്രത്തിന്റെ നിര്‍മാണം ഷെട്ടിയാണ്.
താന്‍ നിര്‍മ്മിക്കുന്ന മഹാഭാരതം മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യാസമുള്ളതായിരിക്കുമെന്നും ഷെട്ടി സൂചന നല്‍കി.
അതേസമയം, രണ്ടാമൂഴം സിനിമയെ ചൊല്ലിയുള്ള പ്രശ്‌നങ്ങളില്‍ താന്‍ ഇടപെടുന്നില്ലെന്നും ഷെട്ടി വ്യക്തമാക്കി. തിരക്കഥാകൃത്തും രണ്ടാമൂഴം നോവലിന്റെ രചയിതാവുമായ എം.ടിയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്‌നത്തില്‍ നിന്നും താന്‍ ഏറെ നാളായി അകന്ന് നില്‍ക്കുകയാണെന്നും ഷെട്ടി പറഞ്ഞു.
രണ്ടാമൂഴം 1000 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും ബി.ആര്‍. ഷെട്ടി നിര്‍മ്മിച്ച് ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. തന്റെ സ്വപ്ന പദ്ധതിയാണിതെന്നും ലാല്‍ പറഞ്ഞിരുന്നു.
എന്നാല്‍ തിരക്കഥ എഴുതി നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ചിത്രീകരണം വൈകുന്നതിനെച്ചൊല്ലി എം.ടി.കോടതിയെ സമീപിച്ചിരുന്നു. മലയാളത്തില്‍ ‘രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ ‘മഹാഭാരതം’ എന്ന പേരിലും ചിത്രം പുറത്തിറക്കാനായിരുന്നു ശ്രീകുമാര്‍ മേനോന്റെ പദ്ധതി.