ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ വേണമെന്നും ആവശ്യപ്പട്ടു കൊണ്ട് പനീര്‍ശെല്‍വ്വം പക്ഷം രാഷ്ട്രപതിയെ കണ്ടു. അധികാര വടംവലിക്കിടെ ഒ.പി.എസ് പക്ഷത്തേക്ക് ചേക്കേറിയ എ.ഐ.എ.ഡി.എം.കെ എം.പി വി. മൈത്രേയനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അവരോട് പറഞ്ഞിരുന്നത് പനിയാണെന്നായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ 75 ദിവസമാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്നും ഇതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്നും മൈത്രേയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെപ്തംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത മരിക്കുന്നത് കഴിഞ്ഞ ഡിസംബര്‍ 5 നായിരുന്നു.
തങ്ങളുടെ സംശയം ഗൗരവ്വമാണെന്നും വിശദമായ അന്വേഷണം വേണമെന്നും മൈത്രേയന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അതിനാലാണ് രാഷ്ട്രപതിയെ സമീപിച്ചതെന്നും മൈത്രേയന്‍ വ്യക്തമാക്കി.
നേരത്തെ, ജയലളിത ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷം ആഴ്ച്ചകളോളം കാണാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പറഞ്ഞിരുന്നു. അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഒ.പി.എസ് ആരോപിച്ചിരുന്നു.