ന്യൂദല്‍ഹി: ഗോരഖ്പൂര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്ക് അന്വേഷിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. യോഗിയെ കേസില്‍ വിചാരണ ചെയ്യരുതെന്ന യോഗി സര്‍ക്കാരിന്റെ തന്നെ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് കൃഷണ മുരാരിയും എ.സി ശര്‍മ്മയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
താനുള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ 20,000 കേസുകള്‍ പിന്‍വലിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തിനേറ്റ തിരിച്ചടി കൂടിയായി കോടതി ഉത്തരവ്.
യോഗിയടക്കം നാലു ബി.ജെ.പി നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യരുതെന്ന സര്‍ക്കാര്‍ തീരുമാനത്തെയും കോടതി ചോദ്യം ചെയ്തു.
2007 ലെ ഗോരഖ്പൂര്‍ കലാപത്തില്‍ വിദ്വേഷകരമായും പ്രകോപനപരമായും യോഗി ആദിത്യനാഥ് പ്രസംഗിച്ചുവെന്നാണ് കേസ്. കേസില്‍ യോഗിയുടെ പ്രസംഗത്തിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യോഗിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.