'വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം'; അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
national news
'വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം'; അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th September 2018, 11:02 pm

ന്യൂദല്‍ഹി: വായ്പ്പാത്തട്ടിപ്പ് കേസില്‍ രാജ്യം വിടുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് രാഹുല്‍ പറഞ്ഞു.

” മല്യ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണ്. പ്രധാനമന്ത്രി നിര്‍ബന്ധമായും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണം. ധനമന്ത്രി സ്ഥാനത്ത് നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി തയ്യാറാകണം.”

വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

ALSO READ: ‘കാര്യങ്ങള്‍ കൈവിട്ടു പോകുന്നു, ഒരു കന്യാസ്ത്രീയും ഇത്തരമൊരു കാര്യം വ്യാജമായി പറയില്ല; കന്യാസ്ത്രിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭാ മെത്രോപൊലീത്ത

ഇന്ത്യ വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിജയ് മല്യ ഇന്ന് പറഞ്ഞിരുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കുന്നതിന് തന്റെ നിര്‍ദ്ദേശങ്ങള്‍ ധനകാര്യമന്ത്രിക്ക് മുമ്പില്‍ അറിയിച്ചിരുന്നുവെന്നും ലണ്ടനില്‍ വെസ്റ്റ് മിനിസിറ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയായിരുന്നു എന്നും വിജയ് മല്യ കൂട്ടിച്ചേര്‍ത്തു.

വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു.

WATCH THIS VIDEO: