| Saturday, 11th March 2023, 12:08 pm

പാര്‍ട്ടിയില്‍ അഭിപ്രായം പറയാനുള്ള വേദിയും അവസരവും ആവശ്യം : രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായം പറയാന്‍ പാര്‍ട്ടി വേദി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം വേദികളില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാകണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനെതിര എം.കെ.രാഘവന്‍ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ താക്കീത് ചെയ്തുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന്‍ പറഞ്ഞില്ലെന്നാണ് രാഘവനെ താക്കീത് ചെയ്യാനുള്ള കാരണം.

എം.കെ.രാഘവനെ പിന്തുണച്ച കെ.മുരളീധരനും പാര്‍ട്ടി മുന്നറിയിപ്പ് കത്ത് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും കത്തില്‍ മുരളീധരനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രാഘവനും മുരളീധരനും രംഗത്തെത്തി. തനിക്ക് ആരും കത്ത് നല്‍കിയിട്ടില്ലെന്നും എല്ലാം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും മുിരളീധരന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ വേദിയില്ലെന്നും അതിന് വേണ്ടിയാണ് താന്‍ എക്‌സിക്യൂട്ടീവ് വേണമെന്ന് ആവശ്യപ്പെട്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

content highlight: Need platform and opportunity to express opinion in the party: Ramesh Chennithala

We use cookies to give you the best possible experience. Learn more