'സദുദ്ദേശ്യത്തോടെയുള്ള വാര്‍ത്തയും കുട്ടികളില്‍ മാനസികാഘാതം സൃഷ്ടിച്ചേക്കാം'; കുട്ടികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് ബാലാവകാശ കമ്മീഷന്‍
Child Rights
'സദുദ്ദേശ്യത്തോടെയുള്ള വാര്‍ത്തയും കുട്ടികളില്‍ മാനസികാഘാതം സൃഷ്ടിച്ചേക്കാം'; കുട്ടികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് ബാലാവകാശ കമ്മീഷന്‍
ജിതിന്‍ ടി പി
Saturday, 8th September 2018, 8:51 am

“ദരിദ്രപശ്ചാത്തലത്തില്‍ പഠിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥിയ്ക്ക് എസ്.എസ്.എല്‍.എസിയ്ക്ക്/ പ്ലസ് ടുവിന് ഉന്നതവിജയം”, “ദാരിദ്രത്തോട് പടവെട്ടി ഫുള്‍ എ പ്ലസ്”, “ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും റാങ്കുകാരി/റാങ്കുകാരന്‍”- പരീക്ഷാഫലം പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ സ്ഥിരമായി കണ്ട് വരുന്ന വാര്‍ത്തകളാണിത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വിജയം കൈവരിക്കുന്നത് വലിയ കാര്യമാണെങ്കിലും മാധ്യമങ്ങളില്‍ വരുന്ന ഈ റിപ്പോര്‍ട്ട് കുട്ടികളെ മാനസികമായി തളര്‍ത്തുന്നുണ്ട് എന്നതിനുദാഹരണമായിരുന്നു ആത്മാഭിമാനം ഹനിക്കപ്പെട്ട് മാനസികമായി തളര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയിലൂടെ പിന്നീട് പുറത്തുവന്നത്.

ഇതിന് പിന്നാലെയാണ് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഇത്തരം മാധ്യമ റിപ്പോര്‍ട്ടിംഗില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. കുട്ടികളെ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പക്ഷേ, ചിലരില്‍ വലിയ മാനസിക ആഘാതത്തിന് ഇടവരുത്താറുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ മാനസിക സംഘര്‍ഷത്തിന് അടിമപ്പെടുന്നത് ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുന്നുവെന്നും ബാലവകാശ കമ്മീഷന്‍ പറയുന്നു.

ALSO READ: Exclusive: വെള്ളം ഇറങ്ങിയതിനു പിന്നാലെ മൂന്നാറില്‍ മുതിരപ്പുഴ മണ്ണിട്ട് നികത്തുന്നു; പിന്നില്‍ പി.ഡബ്ല്യു.ഡിയെന്ന് പ്രദേശവാസികള്‍

“കുടുംബപശ്ചാത്തലം സമൂഹത്തിന് മുന്നില്‍ വിവരിച്ച് പരസഹായം തേടുന്നതിന് എല്ലാവരും താത്പര്യപ്പെടുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തണം.” കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, മാനസിക-ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ എന്നിവരുടെ പേരുവിവരങ്ങള്‍ നിയമപരമായി പ്രസിദ്ധപ്പെടുത്താന്‍ കഴിയില്ല. കുട്ടികളെ തിരിച്ചറിയാതിരിക്കാനും അതിലൂടെ അവര്‍ക്ക് മനഃപ്രയാസം ഉളവാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ കുട്ടികളെ തിരിച്ചറിയാനുതകുന്ന എന്തെങ്കിലും വാര്‍ത്തകളില്‍ വന്നാല്‍ പോക്‌സോ നിയമപ്രകാരം നിയമനടപടി നേരിടേണ്ടി വരും.

ALSO READ: സ്വവര്‍ഗരതി; എതിര്‍ക്കുന്നവരില്‍ മത സംഘടനകളും പുരോഗമന മുഖമുള്ളവരും

എന്നാല്‍ സാമ്പത്തികമായി പിന്നോക്കവാസ്ഥയിലിരിക്കുന്ന, അതേസമയം പഠനത്തില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് മുന്നോട്ടുള്ള പഠനത്തിന് ഇത്തരം വാര്‍ത്തകള്‍ സഹായകരമാകാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരും ചില കൂട്ടായ്മകളും മുന്നോട്ടുവരാറുമുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം സഹായങ്ങള്‍ നല്‍കുന്നത് വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍വെച്ചായിരിക്കും. ഇതും കുട്ടികളില്‍ മാനസികമായി പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.

പൊതുവെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിജയത്തെ അനുമോദിക്കാന്‍ വിളിക്കുന്ന ഇത്തരം ചടങ്ങുകള്‍ അവരുടെ ദരിദ്രപശ്ചാത്തലത്തിന് ലഭിക്കുന്ന ഔദാര്യം എന്ന രീതിയിലാണ് പര്യവസാനിക്കാറുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിംഗ് നടത്തുന്ന മനശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു.

 

അതുകൊണ്ട് കുട്ടികളുടെ നിര്‍ധനാവസ്ഥ, സാമ്പത്തിക പിന്നാക്കാവസ്ഥ, ശോച്യാവസ്ഥ എന്നിവയെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ കുട്ടിയുടെയും രക്ഷാകര്‍ത്താവിന്റെയും സമ്മതം വാങ്ങിയിരിക്കണമെന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സെപ്തംബര്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും പുലര്‍ത്തണമെന്നും ഉത്തരവിലുണ്ട്.

ALSO READ: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ് കോഴിക്കോട്ടെ ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍

തങ്ങളുടെ സാമ്പത്തികമായ അരക്ഷിതാവസ്ഥ പുറത്തുവരാനോ മാധ്യമങ്ങള്‍ പോലുള്ള വലിയ പ്ലാറ്റ്‌ഫോമില്‍ ഇവ പങ്കുവെക്കാനോ പലരും ആഗ്രഹിക്കുന്നില്ലെന്ന് മനശാസ്ത്രജ്ഞരും പറയുന്നു. സാമ്പത്തികമായി പിറകിലാണെന്നത് അവരെ സംബന്ധിച്ച് അഭിമാനപ്രശ്‌നമായി തോന്നാറുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യമൊന്നും സുഹൃത്തുക്കളോട് പോലും പങ്കുവെക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കാറില്ല.

അതേസമയം ഇത് എല്ലാ വിദ്യാര്‍ത്ഥികളുടെയും മാനസികാവസ്ഥയല്ലെന്നും അത്തരം വിദ്യാര്‍ത്ഥികളോടും കുടുംബങ്ങളോടും ചോദിച്ച് അനുമതി വാങ്ങിയ ശേഷം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നത് നല്ല നിര്‍ദ്ദേശമാണെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.