ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി വേണമെന്ന് സി.പി.ഐ
India
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി വേണമെന്ന് സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2013, 9:45 am

[]ന്യൂദല്‍ഹി:  വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി വേണമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ്  ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.[]

അധികമായി സീറ്റ് ലഭിച്ചില്ലെങ്കില്‍ ജയസാധ്യതയുളള ഒരു സീറ്റ് വച്ചുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിയിലെ ലോക്‌സഭാ സീ്റ്റാണ് സി.പി.ഐ ആഗ്രഹിക്കുന്നതെന്നും, വിജയ സാധ്യത കുറവായ വയനാട് സീറ്റ് തിരികെ നല്‍കാനാണ് പാര്‍ട്ടി താല്‍പ്പര്യപ്പെടുന്നതെന്നും സി.പി.ഐ ദേശീയ സെക്രട്ടറി അറിയിച്ചു.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാമാവധി സീറ്റുകളില്‍ വിജയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ തവണ പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വയനാട് സീറ്റ് നല്‍കി പ്രശ്‌നം തല്‍ക്കാലം പരിഹരിക്കുകയായിരുന്നു.

ഇടുക്കിയില്‍ ജയസാധ്യതയുണ്ടെന്ന് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നിലവില്‍ നാല് സീറ്റുകളാണ് സി.പി.ഐക്കുളളത്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ പാര്‍ട്ടിക്ക് ജയിക്കാനാവുന്നുളളൂ. കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കേണ്ട സാഹചര്യമുണ്ടായതിനാലാണ് പുതിയ ഒരു സീറ്റു കൂടി ആവശ്യപ്പെടാന്‍ സി.പി.ഐയെ പ്രേരിപ്പിച്ചതെന്നാണ് പൊതുവെ കരുതുന്നത്.