| Tuesday, 15th November 2022, 9:31 pm

ക്യാപ്റ്റനെ മാറ്റിയത് കൊണ്ടൊന്നും കാര്യമില്ല, പ്രത്യേകിച്ച് ഹർദിക്കിനെ നായകനാക്കുന്നതിൽ യാതൊരു കഴമ്പുമില്ല; മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിൽ ഇന്ത്യ ഇം​ഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ടീം ഇന്ത്യയിൽ ക്യാപ്റ്റൻസിയലടക്കം വലിയ അഴിച്ചു പണികൾ നടത്തണമെന്ന ആവശ്യവും ഇതിനകം ശക്തമാവുകയായിരുന്നു.

സൂപ്പർതാരം ഹർദ്ദിക് പാണ്ഡ്യയെ ടി-20 ടീമിന്റെ നായകനാക്കണമെന്ന അഭിപ്രായമായിരുന്നു ഉയർന്നു വന്നിരുന്നത്. ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്‌കർ, കെ. ശ്രീകാന്ത് എന്നിവരുൾപ്പെടെ പലരും പാണ്ഡ്യയെ ടി-20 ടീമിന്റെ നായകനാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ തീർത്തും വ്യത്യസ്തമായ അഭിപ്രായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ക്യാപ്റ്റനെ മാറ്റുന്നത് കൊണ്ട് കാര്യമൊന്നുമില്ലെന്നും ഹർദിക്കിനെ ടി-20 ക്യാപ്റ്റൻസി ഏൽപ്പിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഭാവിയിൽ അത് വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നും ഇർഫാൻ മുന്നറിയിപ്പ് നൽകി.

അങ്ങനെ സംഭവിച്ചാൽ ഇന്ത്യ വലിയ കുഴപ്പത്തിലേക്കാവും ചെന്ന് ചാടുക എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സിന്റെ മാച്ച് പോയിന്റ് എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.

ഹർദിക് എളുപ്പം പരിക്കുകൾക്ക് പിടിയിലാകാറുള്ള കളിക്കാരനായത് കൊണ്ട് ലോകകപ്പിന് മുമ്പ് അദ്ദേഹത്തിന് പരിക്കേറ്റാൽ അതു ഇന്ത്യക്ക് വലിയ ആഘാതമായമായി മാറുമെന്നാണ് ഇർഫാന്റെ വാദം.

പുതിയൊരു നായകൻ വരുന്നതു കൊണ്ടുമാത്രം ഇന്ത്യയുടെ ഫലം മാറാൻ പോകുന്നില്ല. ഹർദ്ദിക്കിനെ പറ്റി നമ്മളൊരു കാര്യം മനസ്സിലാക്കണം, അദ്ദേഹമൊരു ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറാണ്.

താരത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരു ലോകകപ്പിന് മുമ്പ് നിങ്ങളുടെ ക്യാപ്റ്റന് പരിക്കേറ്റാൽ എന്ത് ചെയ്യാനാകും.

ഹർദിക് പാണ്ഡ്യ മികച്ച ക്യാപ്റ്റനാണെന്നതിൽ സംശയമില്ല. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കഴിഞ്ഞ സീസണിൽ വളരെ നന്നായി നയിക്കുകയും ചാമ്പ്യൻമാരാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇന്ത്യ ഒരാളെയല്ല രണ്ട് പേരെ ക്യാപ്റ്റനാക്കണം.

നമ്മൾ ടീമിന്റെ ഓപ്പണർമാരെക്കുറിച്ച് സംസാരിക്കുന്നതു പോലെ തന്നെയാണ് ഇത്. ഒരു ഓപ്പണർക്കു പരിക്കേറ്റാൽ പകരം കളിപ്പിക്കാവുന്ന ഓപ്പണർമാരെ കണ്ടുവെക്കുന്നതുപോലെ ഒരു ഗ്രൂപ്പ് ലീഡർമാരെയും ഇന്ത്യ സജ്ജരാക്കി നിർത്തണം, ഇർഫാൻ പത്താൻ വ്യക്തമാക്കി.

അതേസമയം ടി-20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനത്ത് ഹർദിക് പാണ്ഡ്യ വരുമെന്നാണ് സൂചനകൾ. ടീം ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ പാണ്ഡ്യയുടെ ക്യാപ്റ്റൻസി നിർണായകമാകും.

ഈ പരമ്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കെ.എൽ. രാഹുലും ആർ. അശ്വിനും കളിക്കില്ല. 2024ലെ ടി20 ലോകകപ്പിൽ രോഹിത് ക്യാപ്റ്റനായി ടീമിലുണ്ടാവില്ല എന്നും സൂചനകളുണ്ട്.

Content Highlights: Need not to change the Captain, says Irfan Pathan

We use cookies to give you the best possible experience. Learn more