| Friday, 29th November 2019, 3:29 pm

'നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികം, സിനിമ ഉപേക്ഷിക്കരുത്'; ഷെയ്ന്‍ നിഗം വിഷയത്തില്‍ ഫെഫ്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്ന് ഫെഫ്ക. ഷൂട്ടിങ് സെറ്റുകളിലെല്ലാം റെയ്ഡ് നടത്തുക അപ്രായോഗികമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

‘ഷെയ്‌നിനെ വിലക്കിയ സംഭവത്തില്‍ കൂട്ടായ ചര്‍ച്ച വേണം. ഷെയ്‌നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുത്. ഷെയ്ന്‍ നിഗം പെരുമാറിയ രീതിയില്‍ തെറ്റുണ്ട്. സിനിമയില്‍ കഷ്ടപ്പാട് അനുഭവിക്കുന്നവരെ ഷെയ്‌നും കാണണം. ഷെയ്‌നിനെ വിലക്കിയ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്.’- ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തൊണ്ണൂറു വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടനും പെരുമാറാത്ത രീതിയിലാണ് ഷെയ്നിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഈ സിനിമകള്‍ക്കു ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇതുവരെ ചെലവായ തുക ഷെയ്നില്‍ നിന്ന് ഈടാക്കുമെന്നും അവര്‍ പറഞ്ഞു. രണ്ട് സിനിമകള്‍ക്ക് ചെലവായത് ഏഴുകോടി രൂപയാണ്.

ഷെയ്നിനെ വിലക്കിയ കാര്യം എ.എം.എം.എ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനെ സംബന്ധിച്ച് അവിടത്തെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കരാര്‍ ലംഘിച്ചതിന് ഷെയ്ന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്. ഷെയ്നെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് എ.എം.എം.എ സംഘടനയും നേരത്തേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more