പത്രങ്ങളില്‍ സ്ഥിരമായി കാണാറുള്ള വാര്‍ത്തകളാണ് കുഴഞ്ഞു വീണ് മരണങ്ങള്‍. കഥകളി നടന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി പലരും കുഴഞ്ഞുവീണുവെന്ന വാര്‍ത്തകള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കാറുള്ളതാണ്.
ആരോഗ്യവാനായുള്ള വ്യക്തി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചുവെന്ന വാര്‍ത്തകള്‍ ഭയത്തോടെയല്ല കാണേണ്ടത്. അത്തരം സംഭവങ്ങള്‍ നമ്മുടെ മുന്നില്‍ നടക്കുകയാണെങ്കില്‍ അവ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ആദ്യം അറിയേണ്ടത്.
ഒരു വ്യക്തി കുഴഞ്ഞുവീഴുമ്പോള്‍ അയാള്‍ക്ക് ഹൃദയ സ്പന്ദനം പൂര്‍ണ്ണമായി കുറയുന്നു. അടുത്ത 3 മിനിറ്റിനുളളില്‍ ഹൃദയസ്പന്ദനം ഉണ്ടായാല്‍ മാത്രമേ രോഗി രക്ഷപ്പെടുകയുള്ളു.
ഡോക്ടര്‍മാരോ, ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നേടിയവരോ അടുത്തുണ്ടെങ്കില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് രോഗിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ടതാണ്.
ആശുപത്രിയിലെത്തിച്ച് കൃത്യമായ അളവില്‍ ഷോക്ക് നല്‍കി ഇത്തരത്തില്‍ പെടുന്നവരെ രക്ഷിക്കാവുന്നതാണ്. ഷോക്ക് നല്‍കി ഹൃദയം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള എ.ഇ.ഡി ഉപകരണങ്ങള്‍ ഉപയോഗിച്ച് രോഗിയുടെ ഹാര്‍ട്ട് ബീറ്റ് പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കാവുന്നതാണ്.
ഹൃദയവാല്‍വിന് തകരാറുള്ളവര്‍, ജന്മനാ ഹൃദ്രോഗം ബാധിച്ചവര്‍, രക്തസമ്മര്‍ദ്ദം അധികമുള്ളവര്‍ എന്നിങ്ങനെ രോഗമുള്ളവരുടെ ബന്ധുക്കള്‍ക്ക് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കുന്നത് ഉപകാരപ്രദമാണ്. പെട്ടെന്ന് കുഴഞ്ഞുവീഴാന്‍ സാധ്യതയുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഒരുപക്ഷെ ഈ പരിശീലനം നേടുന്നതിലൂടെ സാധിക്കുന്നതാണ്.
ഹൃദയമോ ശ്വാസകോശമോ ഒന്നിച്ച് പ്രവര്‍ത്തന രഹിതമായാല്‍ അവയ്ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന രീതിയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട്. ഈ പരിശീലനം എല്ലാവരിലും എത്തിക്കുന്ന രീതി വ്യാപകമാക്കിയാല്‍ കുഴഞ്ഞുവീണ് മരണങ്ങള്‍ ഒഴിവാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.