| Sunday, 25th March 2018, 4:22 pm

കുന്നിടിച്ചും വയല്‍ നികത്തിയുമുള്ള വികസനമല്ല നാടിനാവശ്യം: വയല്‍ക്കിളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വരുംതലമുറയ്ക്കായി വയലുകളും കുന്നുകളും നിലനിര്‍ത്തണമെന്ന് വയല്‍ക്കിളികള്‍. കുന്നിടിച്ചും വയല്‍ നികത്തിയുമുള്ള വികസനമല്ല നാടിനാവശ്യമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു. കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരായ പ്രതിഷേധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് വയല്‍ക്കിളികള്‍.

പ്രതിഷേധയോഗം സമരസമിതി നേതാവ് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് കീഴാറ്റൂരില്‍ എത്തി. വലിയ പിന്തുണയാണ് മാര്‍ച്ചിന് ലഭിച്ചിരിക്കുന്നത്. തളിപ്പറമ്പില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.


Also Read:  എന്റെ പേര് മോദി, എന്റെ ആപ്പ് എല്ലാ വിവരങ്ങളും യു.എസിലെ കൂട്ടുകാര്‍ക്ക് കൊടുക്കും: നമോ ആപ്പിനെ ട്രോളി രാഹുലിന്റെ ട്വീറ്റ്


സുരേഷ് ഗോപി എം.പി, വി.എം സുധീരന്‍, പി.സി ജോര്‍ജ്ജ് എം.എല്‍.എ തുടങ്ങിയവര്‍ കീഴാറ്റൂരിലെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വയല്‍ക്കിളികള്‍ കേരളം കീഴാറ്റൂരിലേക്ക് എന്ന മാര്‍ച്ച് സംഘടിപ്പിച്ചത്.

നേരത്തെ കീഴാറ്റൂരില്‍ സി.പി.ഐ.എം കത്തിച്ച പന്തല്‍ വയല്‍ക്കിളികള്‍ വീണ്ടും നിര്‍മ്മിച്ചിരുന്നു.

കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ ഇന്ന് കീഴാറ്റൂര്‍ സന്ദര്‍ശിച്ചിരുന്നു. കീഴാറ്റൂരില്‍ ബദല്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും സുധീരന്‍ മാധ്യങ്ങളോട് പ്രതികരിച്ചു.


Also Read:  ഐ.പി.എല്ലില്‍ നിന്നും സ്മിത്ത് പുറത്ത്; ഓസീസ് നായകസ്ഥാനത്തിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സും സ്മിത്തിനെ നായകപദവിയില്‍ നിന്നും പുറത്താക്കി


കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തു.

സമരത്തില്‍ കോണ്‍ഗ്രസ് ഇത് വരെ നിലപാട് എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളു സമരത്തിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വസ്തുതകള്‍ പഠിക്കുന്നതിന് വേണ്ടിയാണ് സമര സ്ഥലം സന്ദര്‍ശിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സി.പി.ഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more