| Thursday, 5th January 2017, 9:56 am

ഒരു കൈകൂടി വേണം, ദിവസം അഞ്ച് ബീഡിയും: ജയില്‍ ഡി.ജി.പിക്ക് ഗോവിന്ദച്ചാമിയുടെ നിവേദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന ഗോവിന്ദച്ചാമി തനിക്ക് ഒരു കൃത്രിമ കൈകൂടി വേണമെന്ന് ആവശ്യപ്പെട്ട്  ജയില്‍ ഡി.ജി.പിക്ക് നിവേദനം നല്‍കി. കൃത്രിമ കൈയ്യും ദിവസവും അഞ്ച് ബീഡിയും വേണമെന്നാണ് ആവശ്യം.

തനിക്ക് ബീഡിവലിക്കുന്ന ശീലമുണ്ടെന്നും എന്നാല്‍ ബീഡികിട്ടാതെ ജയിലില്‍ വലിയ പ്രയാസമനുഭവിക്കുകയാണെന്നും ഗോവിന്ദച്ചാമി നിവേദനത്തില്‍ പറയുന്നു.  ജയില്‍ കാന്റീനില്‍നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജയില്‍ ഉപദേശക സമിതി യോഗത്തിനെത്തിയ ഡി.ജി.പി അനില്‍ കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി നിവേദനം നല്‍കിയത്.

തീവണ്ടി യാത്രയില്‍ സൗമ്യയെ പുറത്തേയ്ക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് കൊലപ്പെടുത്തിയതിനാണ് ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ടത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ ഒറ്റകൈയാണ് സൗമ്യ കൊല്ലപ്പെട്ട സമയത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളിലൊന്ന്.


സൗമ്യ വധക്കേസില്‍ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതോടെ ഗോവിന്ദച്ചാമിക്ക് ഇനി രണ്ട് വര്‍ഷം കൂടി മാത്രമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക. ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്.

ഇത് പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലില്‍ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കും. അതുകൊണ്ടുതന്നെ ശിക്ഷാ കാലയളവില്‍ ഇനി രണ്ട് വര്‍ഷം കൂടിയാണ് ബാക്കിയുള്ളത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവ് നല്‍കാമെന്ന തരത്തില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തിയെങ്കിലും സൗമ്യ വധം, ഈ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നടന്നതായിരുന്നതിനാല്‍ അതും ഈ കേസില്‍ ബാധകമായിരുന്നില്ല.

We use cookies to give you the best possible experience. Learn more