'ബീഹാര്‍ മാതൃകയില്‍ രാജ്യത്ത് ബി.ജെ.പി വിരുദ്ധ ഐക്യം വേണം'; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും
national news
'ബീഹാര്‍ മാതൃകയില്‍ രാജ്യത്ത് ബി.ജെ.പി വിരുദ്ധ ഐക്യം വേണം'; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 8:54 pm

 

പട്‌ന: പ്രതിപക്ഷ ഐക്യ സൂചനകള്‍ നല്‍കി രാഷ്ട്രീയ ജനതാ ദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി.

ബീഹാര്‍ മാതൃകയില്‍ രാജ്യത്ത് ബി.ജെ.പി വിരുദ്ധ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവും ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്ന് നിതീഷ് കുമാറും ആവശ്യപ്പെട്ടു.

ഐ.എന്‍.എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ദേവി ലാലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയയെ കണ്ടത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം വരുന്നതോടെ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കാന്‍ പറ്റുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ രാജ്യത്ത് പ്രശ്നമൊന്നുമില്ലെന്നും ബി.ജെ.പി അവര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ജെ.ഡി.യു അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. അതേസമയം, ക്ഷണമുണ്ടായിരുന്നിട്ടും മമതയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍.ഡി.എ വിട്ട അകാലിദള്‍, ജെ.ഡി.യു, ശിവസേന തുടങ്ങിയ പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു.