ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 2017 ല്‍ താന്‍ മോദിയെ നീചനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചിട്ടുണ്ടായിരുന്നെന്നും തന്റെ ആ പ്രചവനം ശരിയായെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
എല്ലാതരത്തിലും മോദി നടത്തിക്കൊണ്ടിരിക്കുന്നത് ദേശവിരുദ്ധത തന്നെയാണ്. സൈന്യത്തിന്റേയും സി.ആര്‍.പി.എഫിന്റേയും ജീവത്യാഗത്തെപ്പോലും അദ്ദേഹം രാഷ്ട്രീയവത്ക്കരിക്കുകയായിരുന്നു. ഒരു ഭരണാധികാരിയും ഇത്തരത്തില്‍ ചെയ്യില്ല.
ബാലാകോട്ട് ആക്രമണവും രാജീവ് ഗാന്ധിയെ കുറിച്ചുള്ള പ്രസ്താവനകളും അദ്ദേഹം നടത്തുന്നത് കൃത്യമായി ചില അജണ്ടകള്‍ മുന്‍നിര്‍ത്തി തന്നെയാണ്.
സ്വന്തം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പോലും അദ്ദേഹം കള്ളം പറയുന്നു. എന്തിന് വേണ്ടിയാണ് ഇത്. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണോ അല്ലെങ്കില്‍ തീര്‍ച്ചയായും ഇത്തരം നുണ പറച്ചിലുകള്‍ ഒരു മാനസിക രോഗം തന്നെയാണ്. – മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
ബാലാകോട്ട് ആക്രമണം നടത്താന്‍ മേഘങ്ങള്‍ തുണയായി എന്ന മോദിയുടെ പ്രസ്താവനയേയും മണി ശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചു. 56 ഇഞ്ച് വെച്ച് അദ്ദേഹം കണ്ടത് ആകാശം മേഘാവൃതമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിമാനങ്ങളെ കണ്ടുപിടിക്കാന്‍ പാക് റഡാറുകള്‍ക്ക് സാധിക്കില്ലെന്നുമാണ്. നമ്മുടെ ധീരരായ സൈനികരെ അപമാനിക്കുന്നതിന് തുല്യമല്ലേ ഇത്തരം നിഗമനങ്ങള്‍”- മണി ശങ്കര്‍ അയ്യര്‍ ചോദിച്ചു.
ഇത്തരം വിഡ്ഡിത്തരങ്ങള്‍ വിളിച്ചുപറയുക വഴി മോദി വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരിഹസിക്കുകയായിരുന്നില്ലേ യഥാര്‍ത്ഥത്തില്‍? ഇത്തരത്തില്‍ ബുദ്ധിയില്ലാത്ത ഒരു പ്രധാനമന്ത്രിയെ തിരുത്താനുള്ള നെഞ്ചുറപ്പ് അവര്‍ക്കുണ്ടായില്ലെന്നാണോ? – മണി ശങ്കര്‍ അയ്യര്‍ ചോദിച്ചു.
ഇതിനെല്ലാം അന്ത്യം കുറിക്കുന്ന ദിനമാണ് മെയ് 23. ഇത്രയും വിഡ്ഡിത്തങ്ങള്‍ പുലമ്പുന്ന ഒരു പ്രധാനമന്ത്രിയെ ഇനിയും നമുക്ക് ആവശ്യമുണ്ടോ? ഇങ്ങനെയൊരാളെ ഇനിയും സഹിക്കാന്‍ നമുക്ക് കഴിയുമോ? മണി ശങ്കര്‍ അയ്യര്‍ ചോദിച്ചു.
മണി ശങ്കര്‍ അയ്യരുടെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തി. മോദിയുടെ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നത് തന്നെയാണ് പാര്‍ട്ടി വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ മോദി ജഴ്‌സിപ്പശുവെന്നാണ് വിളിച്ചത്. രാഹുല്‍ ഗാന്ധിയെ ഹൈബ്രിഡ് പശുവെന്നും വിളിച്ചു. മോദിയുടെ തരംതാഴ്ന്ന സംസ്‌ക്കാരത്തിന് തെളിവാണ് ഇതെന്നും ഷെര്‍ഗില്‍ പറഞ്ഞു.