കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസുകാരില്‍നിന്നും രാജ്കുമാര്‍ നേരിട്ടന്നത് അതിക്രൂരമായ പീഡനമായിരുന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേല്‍ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നുവെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തിക്കുന്നതുവരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹരജിയില്‍ പറയുന്നത്.
രാജ്കുമാറിന്റെ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മെഡിക്കല്‍ രേഖകള്‍ തുടങ്ങിയവ അടക്കം എല്ലാ രേഖകളും വ്യാഴാഴ്ച ഹാജരാക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
കസ്റ്റഡിക്കൊലപാതകത്തില്‍ ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താത്ത പരിക്കുകള്‍ റീ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കാലുകള്‍ ബലമായി അകത്തിയതിന്റെയുള്‍പ്പെടെയുള്ള പരിക്കുകളാണ് റീ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നില്‍ പരിക്കുകളുണ്ട്. ഈ പരിക്കുകള്‍ മരണകാരണമായേക്കാമെന്ന് റീ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിരുന്നു.
രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്‍ദ്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും റീ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് ആദ്യ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.