രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയില്‍; രഹസ്യ ഭാഗങ്ങളില്‍ കാന്താരി മുളക് തേച്ചതായും ക്രൈംബ്രാഞ്ച്
കോട്ടയം: രാജ്കുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് പൊലീസുകാര്‍ നാല് ദിവസവും രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.
ഒരുദിവസം പോലും രാജ്കുമാറിനെ പൊലീസുകാര്‍ ഉറങ്ങാന്‍ അനുവദിച്ചിച്ചിരുന്നില്ല. സ്റ്റേഷന്‍ വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുക്കലിലൂടെയാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങള്‍ ലഭിച്ചത്. മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്.
മര്‍ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്.പിയെ അറിയിച്ച ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്.ഐ കെ.എ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ചവരുത്തിയതായും കണ്ടെത്തി.
സ്റ്റേഷനുള്ളില്‍ നിന്ന് രാജ്കുമാറിന്റെ അലര്‍ച്ച കേട്ടിരുന്നെന്ന് കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായ ഹക്കീം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസമാണ് ഹക്കീമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മെയ് 14ന് കസ്റ്റഡിയിലെടുത്ത തന്നെ അന്ന് രാത്രി മുഴുവന്‍ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഹക്കീം പറഞ്ഞിരുന്നു. അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരെ വിളിക്കാന്‍ ഫോണ്‍ പോലും ലഭിക്കുന്നത്. തുടര്‍ന്നാണ് തന്നെ പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നെടുങ്കണ്ടം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഹക്കീം.