|

നെടുങ്കണ്ടം കസ്റ്റഡി മരണം; ഡി.വൈ.എസ്.പിമാരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയെ സമീപിച്ച് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മുന്‍ എസ്.പിയെയും രണ്ട് ഡിവൈഎസ്പിമാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ. അന്വേഷണ സംഘം ഇത് സംബന്ധിച്ച് സി.ജെ.എം കോടതിയില്‍ ഹരജി നല്‍കി.

സത്യം പുറത്ത് കൊണ്ട് വരുന്നതിന് ശാസ്ത്രീയമായ രീതിയിലുള്ള നുണ പരിശോധന ആവശ്യമാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. മുന്‍ എസ്.പി വേണുഗോപാലിനെയും ഡി.വൈ.എസ്.പിമാരായ ഷംസ്, അബ്ദുള്‍ സലാം എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മുന്‍ എസ്.പിയെയും മറ്റു പൊലീസുകാരെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളാവുമെന്ന് സിബിഐ അറിയിക്കുകയും ചെയ്തിരുന്നു.

അനധികൃതമായി രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ചതും അവിടെവെച്ച് മര്‍ദ്ദനമേറ്റതും മരണപ്പെട്ടതുമായ വിവരങ്ങള്‍ കട്ടപ്പന കട്ടപ്പന ഡി.എസ്.പിയായ ഷംസിനും സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ ആയിരുന്ന അബ്ദുള്‍ സലാമിനും അറിവുണ്ടായിരുന്നെന്നാണ് പൊലീസുകാര്‍ നല്‍കുന്ന മൊഴി. എന്നാല്‍ ഇതിനെ ഇവര്‍ നിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സി.ബി.ഐ ഒരുങ്ങുന്നത്.

കോടതി ഇവര്‍ക്ക് സമന്‍സ് അയക്കും. മൂന്ന് പേരും നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചാല്‍ മാത്രമേ കോടതി ഇതിന് അനുമതി നല്‍കുകയുള്ളു.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലും പിന്നീട് അത് മറയ്ക്കാനുള്ള ഗൂഢാലോചനയിലുമടക്കം കൂടുതല്‍ പൊലീസുദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമായിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21-നാണ് വാഗമണ്‍ സ്വദേശിയായ രാജ് കുമാര്‍ പീരുമേട് ജയിലില്‍ വെച്ച് മരിച്ചത്. കസ്റ്റഡി മരണത്തില്‍ മരിച്ച രാജ്കുമാറിന്റെ ജീവനക്കാരി നല്‍കിയ മൊഴിയിലടക്കം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content HIghlight: Nedunkandam Custody death; CBI approached court

Latest Stories

Video Stories