| Monday, 17th February 2020, 9:43 am

നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ എസ്.ഐ കെ. എ സാബുവിനെ സി.ബി.ഐ അറസ്റ്റുചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഒന്നാം പ്രതി മുന്‍ എസ്.ഐ കെ. എ സാബുവിനെ അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വെച്ച് സി.ബി.ഐ ആണ് സാബുവിനെ അറസ്റ്റുചെയ്തത്.

സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ സാബുവിനെ അറസ്റ്റു ചെയ്തത്.

സാബുവിന് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. മറ്റു ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും.

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ഏഴു പ്രതികളും പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ ഏഴു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കസ്റ്റഡി മരണത്തില്‍ മരിച്ച രാജ്കുമാറിന്റെ ജീവനക്കാരി നല്‍കിയ മൊഴിയിലടക്കം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.

എസ്.ഐയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും പ്രോസിക്യൂഷന് കേസില്‍ പാളിച്ച സംഭവിച്ചുവെന്നും കാണിച്ചാണ് ഹൈക്കോടതി എസ്.ഐക്ക് ജാമ്യം നല്‍കിയത്.

രാജ്കുമാര്‍ മരണപ്പെട്ടത് കസ്റ്റഡിമര്‍ദ്ദനത്തില്‍ തന്നെയാണെന്ന് റീ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പരിശോധനയില്‍ 22 പുതിയ പരിക്കുകളാണ് കണ്ടെത്തിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാലിലും തുടയിലുമായാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്റര്‍ ആഴമുള്ള പരിക്കും കണ്ടെത്തിയിരുന്നു. കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more