| Thursday, 11th July 2019, 10:13 am

രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരിച്ചതിന് ശേഷം; നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ ജയിലധികൃതരുടെ വാദം പൊളിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ അധികൃതരുടെ വാദം തെറ്റെന്ന് സ്ഥിരീകരിക്കുന്ന മൊഴി പുറത്ത്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

മരണം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് രാജ് കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും പൊലീസിന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് രാജ്കുമാര്‍ മരിച്ചതെന്നതായിരുന്നു ജയില്‍ അധികൃതരുടെ വാദം.

പൊലീസ് തെറ്റിദ്ധരിപ്പിച്ചതായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടറും മൊഴി നല്‍കിയിരുന്നു. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നാണ് പൊലീസുകാര്‍ അറിയിച്ചതെന്ന് ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴിയില്‍ നല്‍കിയിട്ടുണ്ട്. തങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more