കോഴിക്കോട്: അടിസ്ഥാനപരമായി ഗിരീഷ് കര്‍ണാട് ഒരു നാടകക്കാരനാണെന്ന് നടന്‍ നെടുമുടി വേണു. സിനിമ ചെയ്യുന്ന വേളയിലും അദ്ദേഹത്തിന് മനസു മുഴുവന്‍ നാടകമായിരുന്നെന്നാണ് മനസിലാക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഗിരീഷ് കര്‍ണാടകിനെ അനുസ്മരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കുകയായിരുന്നു നെടുമുടി വേണു.
നെടുമുടിവേണുവിന്റെ വാക്കുകള്‍:
‘ഒരുമിച്ച് അഭിനയിച്ചുവെന്നതുകൊണ്ടു മാത്രം ഒരു ബന്ധം ദൃഢമാകുന്നില്ല. സിനിമയ്ക്കപ്പുറം ഞങ്ങള്‍ നാടക പ്രവര്‍ത്തകരായിരുന്നു. എനിക്ക് ഒരുപാട് ബഹുമാനമുള്ള ഒരു നാടകാചാര്യനായിരുന്നു. നാടക രംഗത്തുനിന്നു വരുന്നയാളാണെന്ന് അറിയാവുന്നതുകൊണ്ട് എന്നോട് പ്രത്യേക മമത അദ്ദേഹത്തിനുണ്ടായിരുന്നു.
കേരളത്തെക്കുറിച്ചും ഇവിടുത്തെ സംസ്‌കൃതിയെക്കുറിച്ചും താളവാദ്യങ്ങളെക്കുറിച്ചുമൊക്കെ അറിയാന്‍ നല്ല ആകാംക്ഷയുള്ള ആളായിരുന്നു അദ്ദേഹം. എന്റെ കയ്യിലുള്ള തായമ്പകയുടെയും പഞ്ചവാദ്യങ്ങളുടെയും കാസറ്റുകള്‍ അദ്ദേഹത്തെ കേള്‍പ്പിക്കുമായിരുന്നു. അവ ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കുകയും തെയ്യത്തെക്കുറിച്ചും കഥകളിയെക്കുറിച്ചും കൂടിയാട്ടത്തെക്കുറിച്ചും ആരാധനയോടെ ചോദിക്കുമായിരുന്നു.
സിനിമ ചെയ്യുന്ന സമയത്തും അദ്ദേഹത്തിന്റെ മനസു മുഴുവന്‍ നാടകങ്ങളായിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം ഒരു തിയ്യേറ്റര്‍മാനാണ്. ‘
ഇന്നുരാവിലെയാണ് ഗിരീഷ് കര്‍ണാട് അന്തരിച്ചത്. കന്നഡ ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനുമായ ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്‌കാരം ലഭിച്ച ഏഴു കന്നഡിഗരില്‍ ഒരാളാണ് ഗിരീഷ് കര്‍ണാട്.