തിരുവനന്തപുരം: സിനിമകളില്‍ മദ്യപാന മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ പരിഹസിച്ച് നടന്‍ നെടുമുടി വേണു. യഥാര്‍ത്ഥത്തില്‍ സിനിമയില്‍ മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത് കട്ടന്‍ കാപ്പിയാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പ് നല്‍കുന്നത് എന്നാണ് നെടുമുടി വേണു ചോദിക്കുന്നത്.
കട്ടന്‍ചായ കുടിക്കുമ്പോള്‍ മദ്യപാനത്തിന്റെ നിയമവശങ്ങള്‍ എഴുതികാണിക്കണമെന്ന് പറയുന്ന സെന്‍സര്‍ബോര്‍ഡിനെതിരെ വേണമെങ്കില്‍ കേസ് കൊടുക്കാവുന്നതാണെന്നും നെടുമുടി വേണു പറഞ്ഞതായി നാന റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമവിരുദ്ധമായ എത്രയോ രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നു. അതിനെതിരെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് പ്രതികരിക്കുന്നില്ല?
സിനിമയിലെ മറ്റുള്ള കൊടുംക്രൂരതകളൊന്നും സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ കുറ്റകരമല്ലെ?
സിനിമയില്‍ അച്ഛനെ കൊല്ലുന്നു, ഭാര്യയെ കൊല്ലുന്നു. കൂട്ടുകാരന്‍ കൂട്ടുകാരനെ കൊല്ലുന്നു. മോഷണവും പിടിച്ചുപറിയും മര്‍ദ്ദനവും എല്ലാം നടക്കുന്നു. എന്നാല്‍ അത്തരം രംഗങ്ങള്‍ കാണിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് വഴിമാറുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.
സിനിമ ഒരു കലാരൂപമാണ്. ഒരുനല്ല കലാരൂപമെന്ന നിലയില്‍ സിനിമയെ കണ്ടാല്‍ മതിയാകും. ജീവിതത്തിലില്ലാത്തത് പലതുമാണ് സിനിമയില്‍ കാണിക്കുന്നത്. പ്രണയഗാനം ജീവിതത്തിലുണ്ടോ? പ്രണയിക്കുന്നവരുണ്ടാകും. അവര്‍ പ്രണയഗാനം പാടിനടക്കാറുണ്ടോ? മരം ചുറ്റി നടക്കാറുണ്ടോ?
പ്രണയവുമായി ബന്ധപ്പെട്ട സ്വപ്നരംഗങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വലിയ സംഘം നൃത്തം ചെയ്യുന്നത് എത്രയെത്ര സിനിമകളില്‍ നമ്മള്‍ കണ്ടിരിക്കുന്നു. അതൊക്കെ ജീവിതത്തിലുണ്ടോയെന്നും ഇദ്ദേഹം ചോദിക്കുന്നു.