നെടുങ്കയത്ത് ടോയ്‌ലറ്റ് സൗകര്യം പോലുമില്ല: ആദ്യ ഡിജിറ്റല്‍ ആദിവാസി കോളനിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പരിഹാസ്യമാകുന്നു
Daily News
നെടുങ്കയത്ത് ടോയ്‌ലറ്റ് സൗകര്യം പോലുമില്ല: ആദ്യ ഡിജിറ്റല്‍ ആദിവാസി കോളനിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പരിഹാസ്യമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2016, 4:42 pm

digital


അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ പണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കുമേലാണ് 100രൂപയ്ക്ക് രണ്ടു രൂപ നഷ്ടമാകുന്ന ഡിജിറ്റല്‍ പണമിടപാട് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.


നിലമ്പൂര്‍: ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നെടുങ്കയം നിലമ്പൂര്‍ ആദിവാസി കോളനിയെയാണ് സര്‍ക്കാര്‍ ആദ്യത്തെ ഡിജിറ്റല്‍ ആദിവാസി കോളനിയായി പ്രഖ്യാപിച്ചത് പരിഹാസ്യമാകുന്നു. അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവ ലഭ്യമാക്കാത്ത സര്‍ക്കാരാണ് ഈ കോളനി ഡിജിറ്റല്‍ കോളനിയായി പ്രഖ്യാപിച്ച് അഭിമാനം കൊളളുന്നത്.

ചൊവ്വാഴ്ചയാണ് കലക്ടര്‍ അമിത് മീന നെടുങ്കയം കോളനിയെ ഡിജിറ്റല്‍ കോളനിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കോളനി നിവാസികള്‍ക്ക് ഒരാഴ്ചത്തെ പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ പണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കുമേലാണ് 100രൂപയ്ക്ക് രണ്ടു രൂപ നഷ്ടമാകുന്ന ഡിജിറ്റല്‍ പണമിടപാട് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.


Also Read: കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി: അസാധുവായ നോട്ടുകളുടെ 90% ലേറെ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്


കലക്ടര്‍ക്കും എം.പിയ്ക്കും പിറകില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചുനില്‍ക്കുന്ന ആദിവാസികളുടെ ചിത്രമുള്‍പ്പെടെയാണ് ഈ വാര്‍ത്ത ദേശീയതലത്തില്‍ വരെ ആഘോഷിക്കപ്പെട്ടത്.

ആദിവാസി മേഖലയിലെ വികസന പദ്ധതിയുടെ നാഴികക്കല്ല് എന്നാണ് പദ്ധതി ഉദ്ഘാടന സമയത്ത് പി.വി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞത്.

ഇ.എം.ഇ.എ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കൊണ്ടോട്ടിയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും ജന്‍ ശിക്ഷന്‍ സന്‍സ്ഥാനുമാണ് ഡിജിറ്റല്‍ പണമിടപാടകള്‍ക്കുവേണ്ട പരിശീലനം നല്‍കിയത്.

ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് അഞ്ചുരൂപ കൈമാറിയും കലക്ടര്‍ 25 രൂപ തിരിച്ചുനല്‍കിയുമാണ് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞത്. ജെ.എസ്.എസ്.എസ് ആണ് കോളനിക്കുവേണ്ടി വൈഫൈയും കമ്പ്യൂട്ടറും നല്‍കുന്നത്. ഡിജിറ്റല്‍ പണമിടപാട് തുടര്‍ന്നു പരിശീലിപ്പിക്കാന്‍ ഒരുവര്‍ഷത്തേക്ക് ആളെ നിയമിച്ചിട്ടുമുണ്ട്.