ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഏഴ് പൊലീസുകാര്‍ പ്രതികളാകും. മൊഴികളില്‍ വ്യക്തതവരുത്തിയ ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
സസ്‌പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരാണ് മൂന്നാം മുറ പ്രയോഗിച്ചതെന്നാണ് മൊഴി. അറസ്റ്റിലായ എസ്.ഐ കെ.എ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയിരിക്കുന്നത്.
രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായ ദിവസങ്ങളില്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുപ്പ് തുടരുകയാണ്. പലരുടെയും മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെ അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു. അറസ്റ്റ് വൈകാന്‍ കാരണവും മൊഴികളിലെ വൈരുധ്യമാണ്.
അതേസമയം, രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ എ.ആര്‍ ക്യാംപിലെ പൊലീസുകാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.
ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി പറഞ്ഞിരുന്നു.
‘വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്.ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പൊലീസുകാരികള്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ചൊഴിച്ചു’- ശാലിനി വെളിപ്പെടുത്തിയിരുന്നു.