നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിനും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേരെ സ്ഥലംമാറ്റുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്.
വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ ആണ് പീരുമേട് ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ മരണപ്പെട്ടത്. സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാജ്കുമാറിനെ സ്റ്റേഷനില്‍വച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണമുയര്‍ന്നത്. രാജ്കുമാര്‍ സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ചിലരും ആ സമയത്ത് കസ്റ്റഡി മര്‍ദ്ദനം നടന്നതായി മൊഴി നല്‍കിയിട്ടുണ്ട്. വിശ്രമമുറിയില്‍വച്ച് രാജ്കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍ നിന്ന് വലിയ നിലവിളി കേട്ടിരുന്നെന്ന് സംഭവ സമയത്ത് മറ്റൊരു കേസില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഹക്കീം പറഞ്ഞത്. തന്നെ സെല്ലില്‍ പൂട്ടിയിരുന്നതിനാല്‍ ആരാണെന്ന് കാണാനായില്ല. എന്നാല്‍ ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നെന്നും ഹക്കീം പറഞ്ഞിരുന്നു. ഈ സമയത്ത് വിശ്രമ മുറിയിലെ സിസിടിവി ഓഫ് ആയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
പീരുമേട് ജയിലില്‍ വെച്ച് പ്രതി രാജ്കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പീരുമേട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ്കുമാര്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. മൃതദേഹം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപണവും ഉയരുന്നുണ്ട്.