നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ രാജ്കുമാറിനെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഡ്രൈവര്‍
നെടുങ്കണ്ടം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ എസ്.ഐ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് രാജ്കുമാറിന്റെ ഡ്രൈവര്‍ അജിമോന്‍. എസ്.ഐയുടെ മുറിയില്‍ വെച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും അജിമോന്‍ പറഞ്ഞു.
വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്ത്രീകളേയും പൊലീസ്, സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായി ജാമ്യത്തിലിറങ്ങിയ മഞ്ജു പറഞ്ഞു. വനിതാ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും മഞ്ജു പറഞ്ഞു. ഹരിത ഫിനാന്‍സ് ഉടമ ശാലിനിയും മര്‍ദ്ദനത്തിന് ഇരയായി.
അതേസമയം, കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിനും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേരെ സ്ഥലംമാറ്റുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിനോട് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്.
വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ ആണ് പീരുമേട് ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ മരണപ്പെട്ടത്. രാജ്കുമാറിനെ സ്റ്റേഷനില്‍വച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണമുയര്‍ന്നത്.
രാജ്കുമാര്‍ സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ചിലരും ആ സമയത്ത് കസ്റ്റഡി മര്‍ദ്ദനം നടന്നതായി മൊഴി നല്‍കിയിട്ടുണ്ട്. വിശ്രമമുറിയില്‍വച്ച് രാജ്കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.