| Saturday, 20th July 2019, 6:11 pm

നെടുങ്കണ്ടം കസ്റ്റഡി മരണം; കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നെടുങ്കണ്ടത്ത് രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എസ്.പി, ഡിവൈ.എസ്.പി എന്നിവര്‍ക്കെതിരെയും രാജ്കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്നും ഹരജിയില്‍ പറയുന്നു.

ഹരജി തിങ്കളാഴ്ച പരിഗണിക്കും. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കണമെങ്കില്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് കുടുംബം പറയുന്നത്. മജിസ്‌ട്രേറ്റിനെതിരെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

നേരത്തെ പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍കുമാറിനെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ജയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി ജയില്‍ ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ മാര്‍ട്ടിന്‍ ബോസ്‌കോയെ സസ്പെന്‍ഡ് ചെയ്യുകയും താല്‍ക്കാലിക വാര്‍ഡര്‍ സുഭാഷിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാജ്കുമാറിന് വിദഗ്ധ ചികിത്സയും നിഷേധിച്ചെന്നു ചൂണ്ടികാട്ടിയാണ് പീരുമേട് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ക്കും താത്കാലിക വാര്‍ഡനുമെതിരായ നടപടി.

കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി എസ്.പിക്കെതിരെ എസ്.ഐ സാബു ആരോപണം ഉന്നയിച്ചിരുന്നു. തൊടുപുഴ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എസ്.ഐയുടെ വെളിപ്പെടുത്തല്‍.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് സാബു പറഞ്ഞത്. കട്ടപ്പന ഡി.വൈ.എസ്.പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും സാബു പറഞ്ഞിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും സാബു പറഞ്ഞിരുന്നു.

അതേസമയം, കസ്റ്റഡി കൊലപാതകക്കേസില്‍ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനമായിരുന്നു. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞിരുന്നു.

രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.

ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി പറഞ്ഞിരുന്നു.

രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

മരണം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും പൊലീസിന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് രാജ്കുമാര്‍ മരിച്ചതെന്നതായിരുന്നു ജയില്‍ അധികൃതരുടെ വാദം.

DoolNews Video

 

We use cookies to give you the best possible experience. Learn more