നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍; അറസ്റ്റിനു പിന്നാലെ എസ്.ഐ സാബു കുഴഞ്ഞുവീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. നെടുങ്കണ്ടം എസ്.ഐ സാബുവും പൊലീസുകാരന്‍ സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ രേഖപ്പെടുത്തിയിരിക്കുന്നത്.

അറസ്റ്റിനു പിന്നാലെ എസ്.ഐ സാബു കുഴഞ്ഞുവീണു. എസ്.ഐയെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ ആണ് പീരുമേട് ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ മരണപ്പെട്ടത്. സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജ്കുമാറിനെ സ്റ്റേഷനില്‍വച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണമുയര്‍ന്നത്. രാജ്കുമാര്‍ സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ചിലരും ആ സമയത്ത് കസ്റ്റഡി മര്‍ദ്ദനം നടന്നതായി മൊഴി നല്‍കിയിട്ടുണ്ട്. വിശ്രമമുറിയില്‍വച്ച് രാജ്കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍ നിന്ന് വലിയ നിലവിളി കേട്ടിരുന്നെന്ന് സംഭവ സമയത്ത് മറ്റൊരു കേസില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഹക്കീം പറഞ്ഞത്. തന്നെ സെല്ലില്‍ പൂട്ടിയിരുന്നതിനാല്‍ ആരാണെന്ന് കാണാനായില്ല. എന്നാല്‍ ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നെന്നും ഹക്കീം പറഞ്ഞിരുന്നു. ഈ സമയത്ത് വിശ്രമ മുറിയിലെ സിസിടിവി ഓഫ് ആയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

പീരുമേട് ജയിലില്‍ വെച്ച് പ്രതി രാജ്കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പീരുമേട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ്കുമാര്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. മൃതദേഹം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപണവും ഉയരുന്നുണ്ട്.