നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ നിര്‍ണായക മൊഴി പുറത്ത്. മര്‍ദ്ദനം പുറത്തറിയാതിരിക്കാന്‍ രാജ്കുമാറിന്റെ മുറിവുകള്‍ക്ക് മേല്‍ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പൊലീസുദ്യോഗസ്ഥന്റെ മൊഴി. സ്റ്റേഷന് മുന്നിലെ വിശ്രമമുറിയില്‍ വെച്ചായിരുന്നു രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും സിവില്‍ പൊലീസുകാരനും ഡ്രൈവറുമായ സജീവ് ആന്റണി മൊഴി നല്‍കി.
ഒളിവില്‍പ്പോയ രണ്ട് പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറി മാറിയാണ് മര്‍ദ്ദിച്ചത്. ഒടുവില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുംമുന്‍പ് കാന്റീനില്‍ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടുവന്ന് തിരുമ്മിയെന്നും സജീവ് പറഞ്ഞു.
സ്റ്റേഷന് മുന്നിലെ കെട്ടിടത്തില്‍ വെച്ചാണ് രാജ്കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചത് മൊഴി നല്‍കിയിരിക്കുന്നത്. ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. പൊലീസുകാര്‍ മാറി മാറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നാലാം പ്രതി കൂടിയായ സജീവ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പറഞ്ഞു.
ഗുരുതരമായി ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ രാജ്കുമാറിന്റെ മുറിവുകള്‍ മറയ്ക്കാനാണ് പൊലീസുകാര്‍ എണ്ണ കൊണ്ടു തിരുമ്മിയത്. മര്‍ദ്ദനത്തിന് ശേഷം വൈദ്യപരിശോധനക്ക് കൊണ്ടു പോകും മുമ്പായിരുന്നു തിരുമ്മല്‍.
നാലുപ്രതികളും കൂടി രാജ്കുമാറിനെ അന്യായമായി തടവില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേസിലെ നാല് പ്രതികളും പൊലീസുകാരാണ്.
ഒന്നും നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ജൂണ്‍ 12 ന് മുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. സ്റ്റേഷന്‍ രേഖകളിലടക്കം കൃത്രിമം കാണിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷന്‍ രേഖകള്‍ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ഹാജരാക്കിയിരിക്കുന്നത്.
സജീവ് ആന്റണി രാജ്കുമാറിനെ വണ്ടിപ്പെരിയാറില്‍ വെച്ച് മര്‍ദ്ദിച്ചു. ആ സമയത്ത് എസ്.ഐ സാബു ഒപ്പമുണ്ടായിരുന്നു. എന്നിട്ടും എസ്.ഐ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് പ്രതികള്‍ രാജ്കുമാറിനെ സ്റ്റേഷനിലെത്തിച്ച് കാലിലും കാല്‍വെള്ളയ്ക്കും അടിച്ചു. കാല്‍ പുറകിലേക്ക് വലിച്ച് വെച്ച് പ്രാകൃതരീതിയിലായിരുന്നു മര്‍ദ്ദനം.