കൊച്ചി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായ എസ്.ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എസ്.ഐയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നും പ്രോസിക്യൂഷന് കേസില്‍ പാളിച്ച സംഭവിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
നാല്‍പത് ദിവസത്തിന് ശേഷമാണ് സാബുവിന് ജാമ്യം ലഭിക്കുന്നത്. രണ്ട് ആള്‍ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കുകയും വേണം. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സാബു ഹാജരാകണമെന്നും കോടതി പറഞ്ഞു.
എസ്.പി അടക്കമുളളവര്‍ അറിഞ്ഞാണ്, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് വരെ പരുക്ക് ഉണ്ടായിരുന്നില്ല എന്നുമായിരുന്നു എസ്.ഐയുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദം.
രാജ്കുമാര്‍ മരണപ്പെട്ടത് കസ്റ്റഡിമര്‍ദ്ദനത്തില്‍ തന്നെയാണെന്ന് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പരിശോധനയില്‍ 22 പുതിയ പരിക്കുകളാണ് കണ്ടെത്തിയിരുന്നത്.
കാലിലും തുടയിലുമായാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്റര്‍ ആഴമുള്ള പരിക്കും കണ്ടെത്തിയിരുന്നു. കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളിയിരുന്നു. എസ്‌ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്.